ന്യൂഡൽഹി : ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ. എൻഡിടിവിയോടാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
“സൈഡസ് ഇതിനകം തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തിര അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ പരീക്ഷണം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ അവസാനിക്കും. അപ്പോഴേക്കും നമുക്ക് അനുമതി ലഭിക്കണം. ഫൈസർ വാക്സിൻ ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട് (യുഎസ് റെഗുലേറ്റർ – ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ). സെപ്റ്റംബറോടെ നമ്മൾ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കണം. ഇത് വ്യാപനത്തെ വലിയ തോതിൽ തടയും”, ഡോ. ഗുലേറിയ പറഞ്ഞു.
11 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കൊപ്പം ജീവിക്കുന്നത് വയോധികർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത 18 മുതൽ 30 ശതമാനമായി വർധിപ്പിക്കുമെന്ന് ലാൻസറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വ്യാപനത്തെ വലിയ തോതിൽ കുറയ്ക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്.ഇതുവരെ 42 കോടി ഡോസ് വാക്സിൻ ആണ് ഇന്ത്യ നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ മുതിർന്നവരെ പൂർണമായി വാക്സിനേറ്റ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി മോഡേണയുടെ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കാൻ യൂറോപ്യൻ മെഡിക്കൽ ബോഡി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോ എൻടെക് വാക്സിൻ നൽകാനുള്ള അനുമതി മെയ് മാസത്തിൽ അമേരിക്കയും നൽകിയിരുന്നു,
12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സെപ്റ്റംബറോടെ സൈഡസ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ തലവനായ ഡോ. എൻ.കെ അറോറ മുമ്പ് വെളിപ്പെടുത്തിയിരുന്നു.