പീഡനക്കേസില്‍ ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കി ഗുവാഹത്തി ഹൈക്കോടതി. സഹപാഠിയെ പീഡിപ്പിച്ച കേസിലാണ് ഐ.ഐ.ടി ഗുവാഹത്തിയിലെ വിദ്യാര്‍ഥിക്ക് കോടതി ജാമ്യം അനുവദിച്ചത്.
പീഡനം നേരിട്ട പെണ്‍കുട്ടിയെയും പ്രതിയെയും ‘നാടിന്റെ ഭാവി വാഗ്ദാനങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ആരോപണ വിധേയനായ ബി.ടെക് വിദ്യാര്‍ഥിയുടെ ജാമ്യാപേക്ഷ കേട്ടുകൊണ്ടാണ് ജസ്റ്റിസ് അജിത് ബോര്‍താകുര്‍ വിധി പറഞ്ഞത്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഐ.ഐ.ടി വിദ്യാര്‍ഥി എന്ന നിലയ്ക്ക് രാജ്യത്തിന്റെ ഭാവി വാഗ്ദാനമായി കണ്ടാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
അന്വേഷണം പൂര്‍ത്തിയായ ഈ ഘട്ടത്തില്‍, ആരോപണ വിധേയനായ വ്യക്തിയെയും പീഡനം അതിജീവിച്ച പെണ്‍കുട്ടിയെയും നാടിന്റെ ഭാവി വാഗ്ദാനങ്ങളായാണ് കാണുന്നത്. ഐ.ഐ.ടി ഗുവാഹത്തിയില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളാണ് രണ്ടു പേരും. അതുകൊണ്ടു തന്നെ ഇനിയും പ്രതിയെ തടവില്‍ വെക്കേണ്ട ആവശ്യമില്ല,” കോടതി വിധിന്യായത്തില്‍ പറഞ്ഞു.
ആഗസ്റ്റ് 13ന് പ്രസ്താവിച്ച വിധിയില്‍, പെണ്‍കുട്ടിയും കുറ്റാരോപിതനും 19-20 വയസിനിടയില്‍ പ്രായമുള്ളവരാണെന്നും വ്യതസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നുമുള്ള കാര്യം കോടതി പ്രത്യേകം നിരീക്ഷിച്ചു.
ജാമ്യത്തിലിറങ്ങിയാലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പ്രതി ശ്രമിക്കുന്നതിന് കോടതി യാതൊരു സാധ്യതയും കാണുന്നില്ലെന്നും വിധിയില്‍ പറയുന്നു.
30,000 രൂപയുടേയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിന്റെയും ബലത്തിലാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനം നേരിട്ട പെണ്‍കുട്ടിയെ പിറ്റേദിവസം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏപ്രില്‍ 3നാണ് പ്രതി അറസ്റ്റിലായത്.