ചെന്നൈ: നടൻ മൻസൂർ അലി ഖാന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ജാമ്യാപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ജഡ്ജി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് ഇന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ ബലാത്സംഗ സീനുകളൊന്നും ലിയോയിൽ ഇല്ലായിരുന്നുവെന്നുമാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു.
തനിക്കെതിരായ മൻസൂറിന്റെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും ഈ നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പ്രതികരിക്കുകയുണ്ടായി- “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്‍താവന”
മൻസൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷനും കേസ് എടുത്തിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി മൻസൂറിനെതിരെ കേസ് എടുക്കാൻ ഡിജിപിക്ക് വനിതാ കമ്മിഷൻ നിര്‍ദേശം നല്‍കുകയും ചെയ്തു. വിവാദ പരാമർശത്തിന് പിന്നാലെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു മൻസൂർ അലി ഖാന്‍റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും മൻസൂര്‍ തയ്യാറായിരുന്നില്ല. കോടതിയിൽ നിന്നുള്ള വിമർശനം നേരിടേണ്ടി വന്നതിന് പിന്നാലെ പൊലീസിന് മുന്നിലെത്തി മൊഴി നൽകി.
അതിനുശേഷം വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് രംഗത്തെത്തി. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. താൻ ഇതിൽ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നാണ് മൻസൂർ വ്യക്തമാക്കിയത്. തെറ്റ് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവികമാണെന്നാണ് തൃഷയുടെ ഇന്നത്തെ മറുപടി.
മൻസൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ താര സംഘടനയും നടികര്‍ സംഘവും നേരത്തെ രംഗത്ത് എത്തിയിരുന്നു. മൻസൂറിന്റെ അംഗത്വം സസ്‍പെൻഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കി.