രൂപത്തിലും വർണ്ണത്തിലും വലിപ്പത്തിലും ഒക്കെ വ്യത്യസ്തത പുലർത്തുന്ന നിരവധി കുടകൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, കൊവിഡ് വീണ്ടും പിടിമുറുക്കിയിരിക്കുന്ന ചൈനയിൽ കൊവിഡിൽ നിന്നും രക്ഷപ്പെടാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത കുടയുമായി ഷോപ്പിങ്ങിന് ഇറങ്ങിയ ദമ്പതികൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കൊവിഡിൽ നിന്നും രക്ഷ നേടാൻ മാസ്കും ഗ്ലൗസും കോട്ടും ഒക്കെ ധരിച്ച് പുറത്തിറങ്ങുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഇത്തരത്തിൽ കൊവിഡ് 19 പ്രൂഫ് കുടയുമായി ആളുകൾ പുറത്തിറങ്ങുന്നത് ഇതാദ്യമായിരിക്കും.
പീപ്പിൾസ് ഡെയ്‌ലി ചൈന ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സ്വയരക്ഷാർത്ഥം ഈ ദമ്പതികൾ ഇത്തരത്തിൽ ഒരു കുടയുമായി പലചരക്ക് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലെത്തിയത്.
ഒരു കുടയിൽ പാദം വരെ മൂടത്തക്ക വിധത്തിൽ ചുറ്റോട് ചുറ്റും പോളിത്തീൻ കവർ ഘടിപ്പിച്ചാണ് ഇവർ മാർക്കറ്റിൽ എത്തിയത്. ഒരു ചില്ലുകൂടിനുള്ളിൽ നിൽക്കുന്നതിന് സമാനമായാണ് ഇരുവരും ഈ കുടയ്ക്കുള്ളിൽ നിൽക്കുന്നത്. ഭർത്താവാണ് കുട പിടിച്ചിരിക്കുന്നത്. കയ്യിൽ ഗ്ലൗസ്സുകൾ ധരിച്ചിട്ടുള്ള ഭാര്യ സാധനങ്ങൾ വാങ്ങുന്നതിനായി മാത്രം കവർ അല്പം മുകളിലേക്ക് ഉയർത്തി സാധനങ്ങൾ വാങ്ങി കവർ താഴ്ത്തി ഇടുന്നതും സമാനമായ രീതിയിൽ പണം നൽകുന്നതും വീഡിയോയിൽ കാണാം.
മാർക്കറ്റിനുള്ളിൽ ഉള്ള പലരും ഇവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കൊവിഡ് 19 പ്രൂഫ് കുടയ്ക്കുള്ളിൽ സുരക്ഷിതരായി നടന്നു പോകുന്ന ദമ്പതികളുടെ കാഴ്ച ഏറെ കൗതുകകരമാണ്. കൊവിഡ് സുരക്ഷാ മുൻകരുതലുകളെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ചൈനീസ് ദമ്പതികൾ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഏതായാലും ദമ്പതികളുടെ ഈ സുരക്ഷാ മുൻകരുതലിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.