ഹൂസ്റ്റണ്‍:ടിക്ടോക്കിൽ ഒരുമിച്ച് വീഡിയോ ചെയ്ത് തുടങ്ങിയതോടെയാണ് ടെക്സസിലെ ഹൂസ്റ്റണിൽ നിന്നുള്ള സ്‌കോട്ടിനും ഭാര്യ ഡിവൈനും സോഷ്യൽ മീഡിയയുടെ പരിഹാസം ഏൽക്കേണ്ടി വന്നത്. ഇരുവരും ഭാര്യാ ഭർത്താക്കന്മാരാണെന്ന് അറിഞ്ഞതോടെ സൗന്ദര്യത്തെ താരതമ്യം ചെയ്ത് വൻ ആക്രമണമാണ് ഇവർക്ക് നേരെ സോഷ്യൽ മീഡിയ അഴിച്ചു വിട്ടത്. ഡിവൈന്റെ സൗന്ദര്യത്തിന് യോജിച്ച ആളല്ല സ്‌കോട്ട് എന്നതായിരുന്നു ഈ കമന്റുകളുടെ കാതൽ. ഫിലിപ്പീൻസുകാരിയായ ഡിവൈൻ പണത്തിനും അമേരിക്കൻ ഗ്രീൻ കാർഡിനും വേണ്ടിയാണ് സ്‌കോട്ടിനെ വിവാഹം കഴിച്ചതെന്നെല്ലാം പലരും എഴുതി വിട്ടു.
പലരുടേയും കമന്റുകൾ മാനസികമായി തളർത്തുന്നതായിരുന്നെങ്കിലും ഇരുവരും പിടിച്ചു നിന്നു. നിങ്ങൾ ശരിക്കും ഭാര്യയും ഭർത്താവുമാണോ, നിങ്ങളുടെ ലൈംഗിക ബന്ധം സജീവമാണോ, നിങ്ങൾ ജോലിക്ക് പോകുമ്പോൾ ഭാര്യ നിങ്ങളോട് സത്യസന്ധത കാട്ടുമോ എന്നതിൽ സംശയമുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇതോടെ സൗന്ദര്യത്തിനും അതീതമാണ് സ്‌നേഹം എന്നു തെളിയിക്കാൻ സ്‌കോട്ടും ഡിവൈനും ഒരു കൂട്ടം വിഡിയോകൾ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തു. ഇവരുടെ പ്രണയവും കണ്ടുമുട്ടലും വിവാഹത്തെക്കുറിച്ചുമെല്ലാം വിവരിക്കുന്ന വിഡിയോകൾ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ്.
ഡിവൈനിനെ കണ്ടെത്തും മുൻപ് തന്റെ ജീവിതം നിശ്ചലവും വിരസവുമായിരുന്നതായി സ്‌കോട്ട് ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ രൂപത്തെ ചൊല്ലിയുള്ള പരിഹാസങ്ങളെയും സ്‌കോട്ട് സധൈര്യം നേരിടുന്നുണ്ട്. 2021 ലാണ് ഒന്നിച്ച് ടിക്ടോക്കിൽ വിഡിയോ ചെയ്തു തുടങ്ങിയത്. 2017ൽ ഫേസ്‌ബുക്കിലൂടെയാണ് സ്‌കോട്ടും ഡിവൈനും പരിചയപ്പെട്ടത്. മറ്റാരോ ആണെന്ന് കരുതി ഡിവൈൻ സ്‌കോട്ടിന് മാറി അയയ്ച്ച സന്ദേശത്തിൽ നിന്നാണ് ഇരുവരുടേയും ബന്ധത്തിന്റെ തുടക്കം. പിന്നീട് നിരവധി സംഭാഷണങ്ങൾക്കുശേഷം രണ്ടു പേരും വിദൂരത്തിരുന്ന് പ്രണയം ആരംഭിച്ചു. 2017 നവംബറിൽ ഡിവൈനെ കാണാൻ സ്‌കോട്ട് ഫിലിപ്പീൻസിൽ എത്തി. ഈ കണ്ടുമുട്ടലിനെ തുടർന്ന് സ്‌കോട്ട് വിവാഹാഭ്യർഥന നടത്തി.
രണ്ടു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഡിവൈൻ അമേരിക്കയിലെത്തുകയും ദമ്പതികൾ ടെക്സസിൽ ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്തു. 13-ാം വയസ്സിൽ സ്‌ക്ളെറോഡെർമ എന്ന ഓട്ടോ ഇമ്മ്യൂൺ രോഗം ബാധിച്ചതിനെ തുടർന്നാണ് തന്റെ രൂപത്തിൽ മാറ്റം വരുന്നതെന്ന് സ്‌കോട്ട് പറയുന്നു.
ഒരാളെ തുടർച്ചയായി കാണുമ്പോൾ അതൊരു പ്രശ്നമല്ലാതായി തീരുമെന്നും തങ്ങൾ ഇരുവരും സന്തോഷകരമായ ദൗമ്പത്യമാണ് നയിക്കുന്നതെന്നും പരിഹസിച്ചവർക്കുള്ള മറുപടിയിൽ സ്‌കോട്ടും ഡിവൈനും പറയുന്നു. സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് താൻ സ്‌കോട്ടിനൊപ്പം കൂടിയതെന്ന തരത്തിലുള്ള കമന്റുകൾ വേദനിപ്പിക്കാറുണ്ടെന്നും ഡിവൈൻ പറഞ്ഞു.
അതേ സമയം ദമ്പതികളെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്നത് കണ്ട് വിഷമിക്കേണ്ട കാര്യമില്ലെന്നും നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കണമെന്നും ചിലർ കമന്റിൽ കുറിച്ചു.