32.8 C
Kottayam
Thursday, May 9, 2024

ദമ്പതികളെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു, കത്തികാട്ടി ഭീഷണിപ്പെടുത്തി; 3 പേര്‍ അറസ്റ്റില്‍

Must read

കൊച്ചി: ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ വീട്ടിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് വീട്ടിൽ ശരത് (28) എന്നിവരെയാണ് ഊന്നുകൽ പോലിസ് പിടികൂടിയത്.

കഴിഞ്ഞ മൂന്നിന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയിൽ മാർഗ്ഗ തടസം ഉണ്ടാക്കി നിൽക്കുകയായിരുന്ന സംഘം കാറിൽ പോവുകയായിരുന്ന ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഭർത്താവ് ജിനോയ്ക്ക് സാരമായി പരിക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മർദ്ദിച്ചു. തുടർന്ന് അമിത വേഗതയിൽ തിരിച്ചു പോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ചെക്ക്പോസ്റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. സുരാജ് ആറ് കേസുകളിലും നിധിൻ രണ്ട് കേസുകളിലും പ്രതികളാണ്.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ.ജി. ഋഷികേശൻ നായർ , എസ്.ഐമാരായ കെ.ആർ ശരത് ചന്ദ്രകുമാർ, ഷാജു ഫിലിപ്പ് എ.എസ്.ഐമാരായ എം.എം ബഷീർ, ഇബ്രാഹിം, മനാഫ് എസ്.സി.പി.ഒ മാരായ കെ.എസ്.ഷനിൽ, രജേഷ്, നിയാസുദീൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week