ന്യൂഡല്‍ഹി: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുമ്പോൾ ഇന്ത്യ- ചൈന സേനയിനിന്നും സന്തോഷമുള്ള ചിത്രം പങ്കുവെച്ച് സൈന്യം. കിഴക്കന്‍ ലഡാക്കില്‍ മധുരം പങ്കിടുകയാണ് ഇന്ത്യ- ചൈന സേനകള്‍. ദെംചോക്ക് ദെപ് സാംഗ് മേഖലകളിലെ പിന്മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് ദീപാവലി ദിനത്തില്‍ ഇരുസേനകളും മധുരം പങ്കിട്ടത്.
ഈ പ്രദേശത്ത് പട്രോളിംഗ് നടപടികള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്. സേനാ പിന്മാറ്റം മോദി ഷി ജിന്‍ പിംഗ് ചര്‍ച്ചയുടെ വിജയമാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സൂ ഫെയ് സോങ് പ്രതികരിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രമാണെന്നും വ്യാപാരബന്ധമടക്കം പൂര്‍വ സ്ഥിതിയിലാകുമെന്നും സൂഫെയ്സോങ് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും ലക്ഷ്മീദേവിയുടെയും ഗണേശ ഭഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തി സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏകതാ ദിവസ് പരേഡിൽ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, ഒരു യൂണിയൻ ടെറിട്ടറി പൊലീസ്, നാല് കേന്ദ്ര സായുധ പൊലീസ് സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ പങ്കെടുത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ ഏകീകരിക്കുന്നതിലും സർദാർ വല്ലഭായ് പട്ടേൽ വഹിച്ച സുപ്രധാന പങ്ക് സ്മരിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൻ്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31നാണ് രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നത്.