ന്യൂഡല്‍ഹി: അമിതമദ്യാസക്തിയ്ക്കും ലഹരി ഉപഭോഗത്തിനുമെതിരേ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. മദ്യാസക്തി സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കുറിച്ചും അമിതമദ്യാസക്തി മകന്റെ ജീവന്‍ കവര്‍ന്നതിനെ കുറിച്ചുമുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു. ഉത്തര്‍ പ്രദേശിലെ ലംഭുവാ നിയമസഭാ മണ്ഡലത്തില്‍ ശനിയാഴ്ച, ലഹരിവിമോചന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭവന-നഗരകാര്യ വകുപ്പു സഹമന്ത്രിയാണ് കൗശല്‍. മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.
പെണ്‍മക്കളെയോ സഹോദരിമാരെയോ മദ്യപാനികള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കരുത്. മദ്യപാനികള്‍ക്ക് ആയുസ്സ് വളരെക്കുറവാണെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു. റിക്ഷാവലിക്കാരനോ അല്ലെങ്കില്‍ കൂലിവേലക്കാരനോ ആകട്ടെ അവര്‍ മദ്യപാനിയായ ഓഫീസറേക്കാള്‍ മികച്ച വരന്മാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമിത മദ്യപാനത്തെ തുടര്‍ന്ന് മകന്‍ ആകാശ് കിഷോര്‍ മരിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. എം.പിയായ എനിക്കും എം.എല്‍.എയായ ഭാര്യയ്ക്കും മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നെങ്ങനെ സാധാരണക്കാരന് സാധിക്കും? എന്റെ മകന്‍ ആകാശിന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. അവനെ പിന്നീട് ലഹരിവിമോചന കേന്ദ്രത്തിലാക്കി.
അവന്‍ മോശം ശീലം അവസാനിപ്പിക്കുമെന്ന് കരുതി ആറുമാസത്തിനു ശേഷം ആകാശിനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിനു ശേഷവും അവന്‍ മദ്യപാനം ആരംഭിച്ചു. അത് ഒടുവില്‍ അവന്റെ മരണത്തില്‍ കലാശിച്ചു. രണ്ടുവര്‍ഷം മുന്‍പ് ഒക്ടോബര്‍ 19-ന് ആകാശ് മരിക്കുമ്പോള്‍ അവന്റെ മകന് കഷ്ടിച്ച് രണ്ടുവയസ്സായിരുന്നു പ്രായം, കൗശല്‍ പറഞ്ഞു.
എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല. അതിനാല്‍ അവന്റെ ഭാര്യ വിധവയായി, കൗശല്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും ഇതില്‍നിന്ന് രക്ഷിക്കണം. സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടനെതിരേ പോരാടാന്‍ 90 വര്‍ഷത്തിനിടെ 6.32 ലക്ഷം പേരാണ് ജീവത്യാഗം ചെയ്തത്. എന്നാല്‍ ലഹരിയ്ക്കടിമകളായി പ്രതിവര്‍ഷം 20 ലക്ഷം പേരാണ് മരിക്കുന്നതെന്നും മന്ത്രി കൗശല്‍ കിഷോര്‍ ചൂണ്ടിക്കാണിച്ചു. 80 ശതമാനം കാന്‍സര്‍ മരണങ്ങളും പുകയില, സിഗരറ്റ്, ബീഡി എന്നിവയ്ക്ക് അടിമപ്പെട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.