കുട്ടികളെ ഏത്തമിടീച്ചു, ക്ലാസ്റൂമിൽ പൂട്ടിയിട്ടു; കോട്ടൺഹിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികളെ ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ദേശീയഗാനം ആലപിക്കുന്ന സമയത്ത് ക്ലാസിന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെയാണ് അധ്യാപിക ഏത്തമിടീച്ചത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിര്‍ദേശപ്രകാരം വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഡിഇഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാദത്തിനിടയായ സംഭവം നടന്നത്. സ്‌കൂളിലെ വൈകിട്ടത്തെ ദേശീയഗാനാലാപന സമയത്താണ് വിദ്യാര്‍ഥികള്‍ ക്ലാസില്‍നിന്ന് പുറത്തിറങ്ങിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ഇവരെ അധ്യാപിക ക്ലാസിലേക്ക് തന്നെ തിരികെ കയറ്റുകയും ശിക്ഷാനടപടിയായി ഏത്തമിടീക്കുകയും ചെയ്തു. ഇതുകൂടാതെ, കുട്ടികളെ പത്തുമിനിറ്റോളം ക്ലാസില്‍ പൂട്ടിയിടുകയും ചെയ്തു. അപ്പോഴേക്കും സ്‌കൂള്‍ ബസടക്കം പോയിരുന്നു.

സംഭവത്തിന് പിന്നാലെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇടപെട്ടാണ് കുട്ടികള്‍ക്ക് വീട്ടില്‍പോകാനുള്ള ബസ്ചാര്‍ജ് അടക്കം നല്‍കിയത്. പിന്നാലെ രക്ഷിതാക്കളും കുട്ടികളും കടുത്ത പ്രതിഷേധനവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ അധ്യാപിക മാപ്പ് പറഞ്ഞു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News