തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഇരുപത്തി നാല് മണിക്കൂര്‍ ഹര്‍ത്താലിനാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
കരാര്‍ റദ്ദാക്കിയതിനാല്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. തീരദേശ മേഖലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അര്‍ദ്ധരാത്രി 12 മണി മുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല.
അതിനിടെ ഹര്‍ത്താല്‍ അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ ശേഷം മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കൊല്ലം വാടി ഹാര്‍ബറില്‍ സംഘര്‍ഷമുണ്ടായി. ഹര്‍ത്താലില്‍ സഹകരിക്കാതെ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികളെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ചു വിട്ടു.
അതേസമയം ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്ത് വന്നിരിന്നു. കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
‘കൊള്ള നടത്താനുള്ള ശ്രമം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നത് വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യനയത്തിന് വിരുദ്ധമായ ധാരണാ പത്രത്തിലാണ് ഒപ്പ് വെച്ചത്. നടപടികളുമായി മുന്നോട്ട് പോയി. ഇതിന്റ ഭാഗമായാണ് ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷനുമായി കരാര്‍ ഒപ്പ് വെച്ചതും നാല് ഏക്കര്‍ സ്ഥലം അനുവദിച്ചതും. ഇത് വ്യക്തമായതാണ്. എന്നിട്ടും സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്’. ഇഎംസിസി കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞില്ലെങ്കില്‍ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. ഒരു ഉദ്യോഗസ്ഥന് ഇത്ര വലിയ കരാര്‍ ഒപ്പുവയ്ക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിന്റെ സൈനികരാണ് മത്സ്യതൊഴിലാളികള്‍. മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ 5 % സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് നിലനില്‍ക്കുന്നു. സര്‍ക്കാരിനോട് ജനങ്ങള്‍ മാപ്പു നല്‍കില്ല. താന്‍ പറഞ്ഞ ഏത് കാര്യങ്ങളാണ് തെറ്റെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് മത്സ്യതൊഴിലാളി ജാഥകള്‍ യുഡിഎഫ് നയിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.