തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി ചൈനയില്‍ പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പുതുതായി 173 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ട്. ബുധനാഴ്ച അഡ്മിറ്റാക്കിയ 3 പേരുടെ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.