ഇന്ത്യയില്‍ വീണ്ടും കൊറോണ ബാധ; സ്ഥിരീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം കേരളത്തില്‍ കൊവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പടെ നിരവധിപ്പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോള്‍ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.
ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‌ലന്‍ഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളില്‍ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ നിലവില്‍ സംസ്ഥാനം കൊവിഡ് 19 വിമുക്തമായി എന്ന് പറയാനാകില്ലെന്നാണ് കെ കെ ശൈലജ വ്യക്തമാക്കുന്നത്.