ഡല്‍ഹി: കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. മാര്‍ച്ച് 31 വരെയാണ് എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന് സിസോദിയ ട്വിറ്ററില്‍ കുറിച്ചത്.
കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. കൂടാതെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധി തരുടെ എണ്ണം 30 ആയി ഉയര്‍ന്നെങ്കിലും ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റൊരു കൊറോണ പോസിറ്റീവ് കേസ് ഗാസിയാബാദില്‍ നിന്ന് സ്ഥിരീകരിച്ചു.
രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ് അതേസമയം കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രാജ്യസഭയില്‍ അറിയിച്ചിരുന്നു.
കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തുന്നവരും അവിടെ സന്ദര്‍ശനം നടത്തിയവരും സാക്ഷ്യപത്രം നല്‍കണം. ഈ മാസം പത്താം തിയ്യതി മുതലാണ് ഇന്ത്യ സാക്ഷ്യപത്രം നിര്‍ബന്ധമാക്കുന്നത്.