കോവിഡ് 19 നിയന്ത്രണത്തിന് ശക്തമായ നടപടികളുമായി റെയില്‍വേയും

ന്യൂഡൽഹി:കൊറോണ വൈറസ് (കോവിഡ് 19 ) പടരുന്നതു തടയാന്‍ ഇന്ത്യന്‍ റെയില്‍വെ വലിയ തോതിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ത്യന്‍ റെയില്‍വെ സംവിധാനത്തിലുടനീളം മതിയായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നുറപ്പാക്കാന്‍ റെയില്‍വെ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ റെയില്‍വെ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.

നേരത്തെ മാര്‍ച്ച് 5, 6 തിയതികളില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.വിനോദ് കുമാര്‍ യാദവ് റെയില്‍വെ ജനറല്‍മാനേജര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ തയാറെടുപ്പുകള്‍ അവലോകനം ചെയ്തിരുന്നു.
വിവിധ റെയില്‍വെ സോണ്‍, ഡിവിഷന്‍, യൂണിറ്റ് തലവന്മാര്‍ അവരവരുടെ അധികാര മേഖലകളില്‍ യോഗങ്ങള്‍ വിളിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നുണ്ട്. റെയില്‍വേ സംവിധാനത്തിലുടനീളം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

വിഷയത്തെ സംബന്ധിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ബോധവത്ക്കരണവും ലഭ്യമാക്കി. ആരോഗ്യ വകുപ്പ് അധികൃതരുമായി ആവശ്യമായ സഹകരണവും ഏകോപനവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ്(കോവിഡ് 19) പടരുന്നത് തടയാന്‍ ഇന്ത്യന്‍ റെയില്‍വേ താഴെ പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് 19 സംബന്ധിച്ച അറിവുകള്‍, ബോധവത്ക്കരണം, ആശയവിനിമയം എന്നിവയ്ക്കുള്ള സാമഗ്രികള്‍(പോസ്റ്ററുകള്‍ , ലഘുലേഖകള്‍) എന്നിവ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രാദേശിക ഭാഷകളില്‍ പൊതു ജനങ്ങള്‍ക്കു ലഭ്യമാക്കുന്നു. കൂടാതെ റെയില്‍വെ കോളനികള്‍ ആശുപത്രികള്‍ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇത്തരം ബോധവത്ക്കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നുമുണ്ട്.

ബോധവത്ക്കരണത്തിനായി ദൃശ്യ ശ്രാവ്യ ക്ലിപ്പിങ്ങുകള്‍ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കുന്നു. എല്ലാ റെയില്‍വെ സ്‌റ്റേഷനുകളിലും ഉച്ചഭാഷിണിയിലൂടെ ഇത്തരം അറിയിപ്പുകള്‍ തുടര്‍ച്ചയായി നല്‍കുന്നുമുണ്ട്.
• റെയില്‍വേ ആശുപത്രികളില്‍ പനിയുമായി വരുന്ന ആളുകളെ മറ്റു രോഗികളില്‍ നിന്നു മാറ്റി പാര്‍പ്പിക്കുന്നു. പനിയുമായി വരുന്ന രോഗികള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
• റെയില്‍വെ ആശുപത്രികളില്‍ പനി രോഗികള്‍ക്കായി 1100 പ്രത്യേക ഐസൊലേഷന്‍ ബെഡുകള്‍ മാറ്റി വച്ചിരിക്കുന്നു. ഇവിടെയാണ് കൊറോണ ബാധിതര്‍ എന്നു സംശയിക്കുന്നു രോഗികളെ ചികിത്സിക്കുന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തുടനീളം വിവിധ മേഖലകളിലായി 12483 കിടക്കകള്‍ വിദേശത്തു നിന്നു വരുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ ഉദ്ദേശിച്ചു തയ്യാറാക്കിയിട്ടുണ്ട്.
• റെയില്‍വെയുടെ ഏതെങ്കിലും ആശുപത്രിയിലോ ഹെല്‍ത്ത് യൂണിറ്റിലോ മേഖലയിലോ ആര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ട് എന്നു സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നാല്‍ അവ ഉടന്‍ തന്നെ റെയില്‍വെ ബോര്‍ഡിനെയും സ്ഥലത്തെ ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിക്കാന്‍ റെയില്‍വെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
• മേഖലകളിലെ എല്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരും അതത് സംസ്ഥാന അധികൃതരുമായി സ്ഥിരമായി നിരന്തരം ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന രോഗബാധ സംബന്ധിച്ച തത്സമയ വിവരങ്ങളും, നിയന്ത്രണ, ചികിത്സാ നടപടികളും അവര്‍ക്ക് ലഭിക്കും.
• റെയില്‍വെ ആശുപത്രികളിലും കണ്‍ട്രോള്‍ റൂമുകളും ടെലിഫോണ്‍ ഹെല്‍പ്പ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News