തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്നയാണ് ഇവയെന്നും മുഖ്യമന്ത്രി.കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കുന്ന ഗവേഷണത്തില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ രണ്ടിന്റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ ( A2a ) ആണെന്ന് കണ്ടെത്തുവാനും സാധിച്ചു. വിദേശ വംശാവലിയില്‍ പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്.
അയല്‍ സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുന്നത് കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ചെറിയ അലംഭാവം പോലും വലിയ ദുരന്തം സൃഷ്ടിച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മളിപ്പോള്‍. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥങ്ങളില്‍ എല്ലാവരും ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.