കൊറോണയെന്ന് സംശയം,കോട്ടയത്ത് രണ്ടുപേര്‍കൂടി ആശുപത്രിയില്‍

കോട്ടയം:ജില്ലയില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും  ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണുള്ളത്. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ നാലു പേരെ ഹോം ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കി.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ 155 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. ഒന്‍പതു  പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 68 സാമ്പിളുകള്‍ ജില്ലയില്‍നിന്ന് അയച്ചു. ഇവയുടെ നിലവിലെ സ്ഥിതി ഇങ്ങനെ:  പോസിറ്റീവ്-2, നെഗറ്റീവ്-36, പരിശോധനാ ഫലം വരാനുള്ളത്-27, തള്ളിയത്-3.

രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്സ്) 11 പേരും പ്രൈമറി കോണ്‍ടാക്ടുകളുമായി ഇടപഴകിയ 51 പേരും(സെക്കന്‍ഡറി കോണ്‍ടാക്ട്സ്) ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 1051 ആയി.കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളായി 112 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായി 427 പേരെയുമാണ്  ജില്ലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News