ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച ഉച്ചവരെ 292 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 56 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചകൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുകയും ചെയ്തു.
പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, വഡോദര, നോയിഡ എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഇന്ന് മൂന്നു കേസുകളാണ് പുതുതായി സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് വയോധികന്‍ മരിച്ചിരുന്നു. ഗുജറാത്തിലും ശനിയാഴ്ച ആറു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 13 ആയി.
ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നെത്തുന്നവര്‍ക്കെല്ലാം കൊറോണ പരിശോധന നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ പതിനാല് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും ക്വാറന്റൈന്‍ ചെയ്യണം.