ഇടുക്കി: പെട്ടിമുടിയിൽ ഉരുള്‍പൊട്ടി കാണാതായവര്‍ക്കിടയില്‍ കളിക്കൂട്ടുകാരിയെ തേടിയലഞ്ഞ കുവിയെ ഏറ്റെടുത്ത് പൊലീസുകാര്‍. എട്ട് ദിവസത്തെ തിരച്ചിലില്‍ പൊലീസിനൊപ്പം ഒന്നരവയസുകാരിയായ കുവിയെന്ന വളര്‍ത്തുനായയും ഉണ്ടായിരുന്നു. ഉറ്റവരെല്ലാം മണ്ണിനടിയിലായതോടെ കളിക്കൂട്ടുകാരിയുടെ ജീവനില്ലാത്ത ശരീരം കണ്ടെടുത്ത വളർത്തുപട്ടിയെ ഏറ്റെടുത്തിരിക്കുകയാണ് ഒരു പൊലീസുകാരൻ.
പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്ത് വളര്‍ത്തുനായ കുട്ടിയുടെ മണം പിടിച്ച് എത്തുകയായിരുന്നു. ഉറ്റവർ ഒഴുകിപ്പോയ അരുവിയുടെ തീരത്ത് എന്നുമെത്തി കുവി കുരച്ച് ബഹളമുണ്ടാക്കിയിരുന്നു. സംശയം തോന്നിയെത്തിയ ദൗത്യസംഘം പുഴയ്ക്ക് കുറുകേ കിടന്ന മരക്കൊമ്പുകളിൽ നിന്ന് രണ്ടുവയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ധനുഷ്കയുടെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെ മൺമറഞ്ഞു. ഇതോടെ കുവി ആരുമില്ലാത്തവളായി.
ഒന്നും കഴിക്കാതെ,ഒരു മൂലയിലൊതുങ്ങിയ കുവിയെ ഡോഗ് സ്ക്വാഡിലെ ട്രെയിനർ അജിത് മാധവൻ തേടിയെത്തുകയായിരുന്നു. പെട്ടിമുടിയിൽ ഇട്ടുപോരാൻ മനസ്സുവരാത്ത അജിത് കുവിയെ വളർത്താൻ അനുമതി തേടി. ജില്ലാ കളക്ടറും എസ്പിയും അതംഗീകരിച്ചു. പെട്ടിമുടി അങ്ങനെ കുവിയെ അജിത്തിനൊപ്പം യാത്രയാക്കി. ധനുഷ്കയും കളിചിരികളും പോലെ താഴ്വരയും കുവിക്ക് ഓർമയായി. അപ്പോഴും ഒലിച്ചുപോകാതെ കരുണയും കരുതലും ബാക്കി.