ചെന്നൈ: കുനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടം തമിഴ്നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. പ്രദേശവാസികളില്‍ നിന്നും മൊഴിയെടുത്തെന്നും വിവരങ്ങള്‍ സംയുക്തസേന സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധമി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഹരിഷ് സിംഗ് റാവത്ത്, കൊടിക്കുന്നേല്‍ സുരേഷ് തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
നിരവധി പ്രമുഖര്‍ റാവത്തിന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12.30 മുതല്‍ 1.30 വരെ സേനാംഗങ്ങളാള്‍ ആദരാഞ്ജലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം സംസ്‌കരിക്കും.
ബ്രിഗേഡിയര്‍ എസ്എല്‍ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങില്‍ പങ്കെടുത്തു. കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, വ്യോമസേനാ മേധാവി ചീഫ് എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരാണ് ബ്രിഗേഡിയര്‍ എസ് എല്‍ ലിഡ്ഡറിന് യാത്രാമൊഴി നല്‍കിയത്.
എന്‍എസ്എ അജിത് ഡോവലും ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അര്‍പ്പിച്ചു.
കൂനൂര്‍ ഹെലികോപ്റ്റര്‍ ധുരന്തത്തില്‍ വീരമൃത്യു വരിച്ച ബാക്കി ഒന്‍പത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്.