23.8 C
Kottayam
Monday, May 20, 2024

174 പേരെ വഹിക്കാവുന്ന വിമാനത്തിൽ കയറിയത് 800 പേർ, കാബൂളിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിൻ്റെ അറിയാക്കഥകൾ

Must read

കാബൂൾ:ഏറിയാൽ 174 പേരെ വഹിക്കാവുന്ന ഒരു വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത് 800 പേരുമായി. താലിബാൻ ഭരണത്തെ പേടിച്ച് പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്ന അഫ്ഘാൻ ജനതയുമായി അമേരിക്കയുടെ സൈനിക വിമാനമായ ബോയിംഗ് സി -17എ ഗ്ലോബ്‌മാസ്റ്റർ പറന്നു പൊങ്ങിയത് ഇത്രയും പേരെ വഹിച്ചുകൊണ്ടാണ്. ജീവൻ ഭയന്നുള്ള നെട്ടോട്ടത്തിൽ വിമാനത്തിനുള്ളിൽ കയറിയവരെ മടക്കിയയക്കാതെ അവരുമായി വിമാനം യാത്ര തിരിക്കുകയായിരുന്നു. ഈ ദൃശ്യവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

ചരക്കുവിമാനമായ സി- 17ന് 77,564 കിലോഗ്രാം വഹിക്കാനും 134 സൈനികർക്ക് ഇരുന്ന് സഞ്ചരിക്കാമുള്ള ഇടവുമുണ്ട്. ഇതിനു മുൻപ് ഈ വിമാനത്തിൽ കയറ്റിയിട്ടുള്ള പരമാവധി പേരുടെ എണ്ണം 670 ആണ്. ഫിലിപൈൻസിലെ പ്രകൃതി ദുരന്തം നടന്ന വേളയിലായിരുന്നു ഇത്.C-17-ലെ സൈനിക കമാൻഡർമാരും ഖത്തറിലെ അല്‍ ഉദൈയ്ദ് വ്യോമ താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോളറും തമ്മിലെന്ന് കരുതപ്പെടുന്ന സംഭാഷണത്തിലാണ് ഇത്രയും യാത്രക്കാരെ കയറ്റിയതിൽ ഒരു സൈനിക കമാൻഡർ അത്ഭുതം കൂറിയത്.നിങ്ങളുടെ വിമാനത്തിൽ 800 പേരുണ്ടെന്നോ, എന്റെ ദൈവമേ എന്നായിരുന്നു എയർ ട്രാഫിക് കൺട്രോളറുടെ ആദ്യ പ്രതികരണം.

ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമാണ് വിമാന അധികൃതർ കൈക്കൊണ്ടത്. 640 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഇവരെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്കാണ് കൊണ്ടുപോയത്. ആയിരങ്ങളാണ് താലിബാൻ നിയന്ത്രണമുറപ്പിച്ച അഫ്ഗാനിൽ നിന്ന് പലായനം തുടരുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) പ്രത്യേക വിമാനം കാബൂളിലെത്തി. എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനാണ് വ്യോമസേന വിമാനം കാബൂളിലെത്തിയത്. താലിബാൻ ഭീകരർ ഞായറാഴ്ച അഫ്ഗാൻ തലസ്ഥാന നഗരിയിൽ പ്രവേശിച്ചതോടെ കാബൂൾ ഭീതിയിലും പരിഭ്രാന്തിയിലുമാണ്. ഇന്ത്യൻ എംബസിയിലെ ജീവനക്കാരെയും കാബൂളിലെ ഇന്ത്യൻ പൗരന്മാരെയും തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

ഐ‌എ‌എഫിന്റെ സി -17 ഗ്ലോബ്‌മാസ്റ്റർ മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് ഒഴിപ്പിക്കൽ ദൗത്യങ്ങൾക്കായി എത്തിയത്.യു എസിന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അഷ്റഫ് ഘാനി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് കാബൂളിലെ രാഷ്ട്രപതിയുടെ വസതി താലിബാന് കൈമാറി. മൂന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് താലിബാന്‍ രാഷ്ട്രപതിയുടെ കൊട്ടാരത്തിന് മേലെ അവകാശവാദം ഉന്നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമാധാനപരമായാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്ന അഷ്റഫ് ഘാനി ഞായറാഴ്ച രാജ്യം വിട്ട് തജാക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കാബൂളിലെ എംബസിയില്‍ നിന്ന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനമെന്ന് ഞായറാഴ്ച സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ യു എസ് എംബസിയിലെ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും കാബൂള്‍ വിമാനത്താവളത്തിലൂടെ രാജ്യം വിട്ടു. എംബസിയുടെ കെട്ടിടത്തിനു മുകളില്‍ നിന്ന് യു എസ് പതാക നീക്കം ചെയ്തു. മറ്റു വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളും തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റാന്‍ ശ്രമം നടത്തി വരികയാണ്.

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ യു എസ് എംബസി ആവശ്യപ്പെട്ടു. ‘കാബൂളിലെ സുരക്ഷാ സാഹചര്യം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായി വാര്‍ത്തകള്‍ വരുന്നു. അതിനാല്‍, യു എസ് പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ നിലകൊള്ളാന്‍ ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കുന്നു’, യു എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week