വസ്ത്ര ധാരണത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റം; ഹൈക്കോടതിയെ സമീപിച്ച് മുന്‍ കോഴിക്കോട് സെഷന്‍ ജഡ്ജ്

കൊച്ചി: ഹൈക്കോടതിയുടെ നടപടിക്കെതിരെ ഹര്‍ജി നല്‍കി മുന്‍ കോഴിക്കോട് സെഷന്‍ ജഡ്ജ് എസ് കൃഷ്ണകുമാര്‍. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

നടപടി നിയമ വിരുദ്ധമാണെന്നാണ് ഹൈക്കോടിതിയില്‍ നൽകിയ ഹര്‍ജിയില്‍ കൃഷ്ണകുമാര്‍ പറയുന്നത്. അടുത്ത വര്‍ഷം മെയ് 31 വരെ കോഴിക്കോട് സെഷന്‍ ജഡ്ജായി തുടരാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക സാഹചര്യത്തിലോ, ഭരണപരമായ താല്‍പര്യത്തോടെയോ അല്ലാതെ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മാറ്റാന്‍ സാധിക്കില്ല. തെറ്റായ ഉത്തരവിന്റെ പേരില്‍ ഇത്തരത്തില്‍ നടപടിയെടുക്കാന്‍ പാടില്ലെന്നും ഹര്‍ജിയില്‍ കൃഷ്ണകുമാര്‍ അവകാശപ്പെടുന്നു.

ലേബര്‍ കോടതിയുടെ പ്രിസൈഡിംഗ് ഓഫീസര്‍ തസ്തിക എന്നത് ഡെപ്യൂട്ടേഷന്‍ തസ്തികയായതിനാല്‍ ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ജഡ്ജിയുടെ മനോവീര്യത്തെ കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് 27 വര്‍ഷത്തെ സര്‍വീസുണ്ടെന്നും വിരമിക്കുന്നതിന് മുമ്പ് വന്ന ഈ സ്ഥലം മാറ്റം കൃത്യ നിര്‍വഹണത്തില്‍ താന്‍ സ്വീകരിച്ച ത്യാഗതത്തെയും സമര്‍പ്പണത്തെയും സൂചിപ്പിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചു.

മഞ്ചേരി ജില്ലാ ജഡ്ജിയായ എസ് മുരളീധരൻ ആണ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജി. എറണാകുളം അഡീഷണൽ ജഡ്ജി ആയിരുന്ന സി പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസെെഡിംഗ് ഓഫീസർ ആയിരുന്ന ഡോ. സി എസ് മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസെെഡിംഗ് ഓഫീസർ ആയും നിയമിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News