തുടരെ പരാജയങ്ങൾ, സ്വന്തം പണം പോവുമെന്ന സ്ഥിതി; ഒടുവിൽ വാശി ഉപേക്ഷിച്ച് നയൻതാര
കൊച്ചി:തെന്നിന്ത്യൻ സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി കരിയറിൽ തിളങ്ങി നിൽക്കുകയാണ് നയൻതാര. 2013 മുതലിങ്ങോട്ട് ലേഡി സൂപ്പർസ്റ്റാർ ആയി തമിഴ് സിനിമകളിൽ നിറഞ്ഞ് നിൽക്കുകയാണ് നയൻസ്. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത നടി ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികൾ സിനിമാ ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. ഇവയിൽ പല നേട്ടങ്ങളും മറ്റ് പല നായികമാർക്കും അപ്രാപ്യമായി തുടരുന്നു.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുൻനിര നായികയായി തുടരുന്നു തുടങ്ങി നയൻതാരയുടെ കരിയർ ഗ്രാഫിന് പ്രത്യേകതകൾ ഏറെയാണ്.
മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി.
തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി നയൻതാര പിന്നീട് മാറി. 2013 ന് ശേഷമാണ് നടിയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞത്. രാജാ റാണി, മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകൾ നയൻസിനെ തേടിയെത്തി.
എന്നാൽ അടുത്ത കാലത്തായി നയൻസിന് കരിയറിൽ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയി. മിക്കതും ഒടിടിക്ക് കൊടുത്തതിനാൽ സാമ്പത്തിക നഷ്ടം കുറവായിരിക്കാമെങ്കിലും സിനിമകൾ ജനം സ്വീകരിച്ചിട്ടില്ല.
മൂക്കുത്തി അമ്മൻ, നെട്രിക്കൺ, ഒ2 തുടങ്ങി നടിയുടെ തുടരെയുള്ള സിനിമകൾക്കെല്ലാം സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. മലയാളത്തിൽ റിലീസ് ആയ സിനിമകളുടെ സ്ഥിതിയും ഇത് തന്നെ. നിഴൽ, ഗോൾഡ് എന്നീ സിനിമകൾ പരാജയമായിരുന്നു.
ഗോൾഡിൽ നയൻതാരയ്ക്ക് കാര്യമായൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. നടിക്ക് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തുടരെ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്.
ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാൻ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നയൻതാരയുടെയും ഭർത്താവ് വിഘ്നേശ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസ് ആയ റൗഡി പിക്ചേഴ്സ് ആണ് സിനിമ നിർമ്മിക്കുന്നത്.
സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് നയൻതാര. സ്വന്തം നിർമാണ കമ്പനി നിർമ്മിക്കുന്ന സിനിമ ആയതിനാലും നയൻസ് തന്നെയാണ് പ്രധാന കഥാപാത്രം എന്നതിനാലും ആണത്രെ തീരുമാനം.
പൊതുവെ സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ നയൻതാര പങ്കെടുക്കാറില്ല. സിനിമയിൽ ഒപ്പു വെക്കുമ്പോൾ തന്നെ നടിയുടെ എഗ്രിമെന്റിൽ ഇക്കാര്യം വ്യക്തമാക്കും. അറം ഉൾപ്പെടെയുള്ള അപൂർവം സിനിമകൾക്കേ നയൻസ് പ്രൊമോഷന് പങ്കെടുത്തിട്ടുള്ളൂ.
നിലവിലെ കരിയറിലെ പരാജയങ്ങൾ വിലയിരുത്തുമ്പോൾ ഒരു ബോക്സ് ഓഫീസ് വിജയം നയൻതാരയ്ക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രൊമോഷന് നടി പങ്കെടുക്കുന്നതെന്നാണ് വിവരം.
ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ. നയൻതാര ആദ്യമായാണ് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്നത്.