തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും. സ്വകാര്യ ഏജന്‍സികള്‍ക്കാണ് സര്‍വേയുടെ ചുമതല. മൂന്ന് ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങളില്‍ ഏജന്‍സികള്‍ പഠനം നടത്തും. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമടക്കം അഭിപ്രായങ്ങള്‍ തേടും.
ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സി നിലവില്‍ കോണ്‍ഗ്രസിനായി കേരളത്തില്‍ അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. ഇതിന് പുറമേ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുള്ള ഏജന്‍സിയും അഭിപ്രായ സര്‍വേ നടത്തും. ഘടക കക്ഷികളെക്കുറിച്ചും ഘടക കക്ഷി സ്ഥാനാര്‍ത്ഥികളെക്കുറിച്ചും പരിശോധന നടത്തും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെയും അദ്ദേഹം സംസ്ഥാനത്ത് തുടരും. കൂടിക്കാഴ്ചകളില്‍ പാര്‍ട്ടി പുനഃസംഘടനയുള്‍പ്പെടെ ചര്‍ച്ചയാകുമെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പരസ്യ വാക്‌പോരും, നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്ററുകളുയര്‍ന്നതും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പടെ വ്യാപകമായ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിയതും ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്.
നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ന്നേക്കും.