തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിപ്പാ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരേ സജീഷ് നേരത്തേ ഫേസ്ബുക്ക് പോസ്റ്റ് എട്ടിരിന്നു. എംപിയായിരുന്ന മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ല എന്നും ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി വെറും വാക്ക് പറയുകയായിരുന്നില്ല കുടുംബാംഗത്തെ പോലെ വീട്ടിലെത്തി ആശ്വസിപ്പിച്ചെന്നും സജീഷ് പറഞ്ഞു.
ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പരിഹസിച്ച നടത്തിയ പ്രസ്തവനയുടെ പേരില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന അനവസരത്തിലെന്നാണ് മിക്കവരുടെയും നിലപാട്. പ്രസ്താവനയില്‍ മുല്ലപ്പള്ളി തന്നെ വിശദീകരിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. പ്രസ്താവന നേരത്തേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതികരണത്തിന് കാരണമായി മാറിയിരുന്നു.
ഇന്നലെയായിരുന്നു ആരോഗ്യമന്ത്രിയെ മുല്ലപ്പള്ളി വിമര്‍ശിച്ചത്. പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. കോഴിക്കോട് നിപാ രോഗം പിടിപെട്ടപ്പോള്‍ വന്ന് പോകുക മാത്രമാണ് കെ കെ ശൈലജ ചെയ്തതെന്നും നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു’ എന്നുമായിരുന്നു പരാമര്‍ശം. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് നടത്തിയതെന്നും ഇപ്പോള്‍ കോവിഡ് റാണിയെന്ന് പേരെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരിഹാസം. പിന്നീട് പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പറഞ്ഞിരുന്നു.
പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരിന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.