പത്തനംതിട്ട: തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ കൂട്ടത്തല്ല്. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വൈഎംസിഎ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേര്‍ന്നത്.
യോഗം ആരംഭിച്ചത് മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തര്‍ക്കത്തിലേക്കും അസഭ്യവര്‍ഷത്തിലേക്കും നീളുകയായിരുന്നു. പിന്നീട് കൈയാങ്കളിക്കും കസേരയേറിനും കാരണമായി. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ബലമായി പുറത്താക്കി. പിരിച്ചുവിട്ട കമ്മറ്റിയുടെ പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്നും സൂചനയുണ്ട്.
ഇതിനിടെ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം നടക്കുന്നതറിഞ്ഞ് മാധ്യമപ്രവർത്തകർ അവിടെ എത്തിയിരുന്നു. പക്ഷെ ഇത്തരത്തിലുള്ള സംഘർഷത്തിലേക്ക് പോയപ്പോൾ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ബലമായി പുറത്തിറക്കി.അതിനുശേഷം വിവരമറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് സാഹചര്യം ശാന്തമാക്കി.