FeaturedKeralaNews

ജോസഫിന് മുന്നിൽ കീഴടങ്ങി നേതൃത്വം,ഏറ്റുമാനൂരിൽ കോൺഗ്രസ് നിസഹകരണത്തിൽ,ലതിക സുഭാഷിനെ വെട്ടി കെ.സി.ജോസഫ് കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം:ഏറ്റുമാനൂരിനെച്ചൊല്ലി യുഡിഎഫില്‍ കലഹം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെ അനുനയിപ്പിക്കാൻ ഏറ്റുമാനൂര്‍ വിട്ട് നല്‍കിയത് കോട്ടയത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് ജോസഫ് പക്ഷത്തിന് വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിസഹകരിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാൻ ഏറ്റുമാനൂര്‍ വിട്ട് കൊടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ലതികാ സുഭാഷാണ് ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥി. ചെറിയ തോതില്‍ അവര്‍ പ്രചാരണം തുടങ്ങുകയും ചെയ്തു. ഏറ്റുമാനൂരില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് ലതികയെ പരിഗണിച്ചെങ്കിലും കെസി ജോസഫ് അവിടെ പിടിമുറുക്കി. ഇതിനെ തുടര്‍ന്നാണ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലതിക രംഗത്ത് എത്തിയത്. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേതൃത്വം നല്‍കണമെന്ന് ലതിക പറയുന്നു.

ഏറ്റുമാനൂര്‍ വിട്ട് കൊടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചിരുന്നു. പ്രഖ്യാപനം വന്നാല്‍ ശക്തമായ നിസഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. അതേസമയം മണ്ഡലത്തിലെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രിൻസ് ലൂക്കോസ് പ്രചാരണം തുടങ്ങി.

ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്നലെ ഡിസിസി ഓഫീസ് ഉപരോധിച്ചത്.ഏറ്റുമാനൂര്‍ കേന്ദ്രബിന്ദുവായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇരുക്യാമ്പുകളില്‍ നിന്നും പ്രതിഷേധം ഉണ്ടാകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്നും സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടു നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച്, ഓഫീസ് ഉപരോധിച്ചത്.

ജില്ലയില്‍ വര്‍ഷങ്ങളായി സീറ്റ് ലഭിക്കാതെ ഇരിക്കുന്ന നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഒൻപതു മണ്ഡലങ്ങളില്‍ ആറിടങ്ങളിലും കാലങ്ങളായി കേരള കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഏറ്റുമാനൂരില്‍ മത്സരിച്ചിരുന്ന കേരളാ കോണ്‍ഗ്രസ്, ഈ സീറ്റില്‍ നിരന്തരമായി പരാജയപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ നിരത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റി പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്. ജോസഫ് വിരുദ്ധ പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഒരു മണിക്കൂറോളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനെതിരെ ഡിസിസി ഓഫീസ് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരും മാധ്യമ പ്രവർത്തകരുമായി സംഘർഷവുമുണ്ടായി. അക്രമത്തിന് നേതൃത്വം നൽകിയരണ്ട് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഏറ്റുമാനൂർ സീറ്റ്‌ ജോസഫ് ഗ്രൂപ്പിന് നൽകിയെന്ന തരത്തിൽ വാർത്ത മാധ്യമങ്ങൾ നൽകിയെന്നു ആരോപിച്ചാണ് മാധ്യമ പ്രവർത്തകരെ യൂത്ത് കോൺഗ്രസ്‌ ആക്രമിച്ചത്. ഡിസിസി ഓഫീസ് ഉപരോധം കഴിഞ്ഞ ഉടനാണ് യൂത്ത് കോൺഗ്രസ്‌ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത്. ജോസഫ് ഗ്രൂപ്പിന് സീറ്റ്‌ നൽകുന്നതെന്ന വാർത്തയിൽ രോഷം പൂണ്ടായിരുന്നു ആക്രമണം. സംഭവത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button