അഹമ്മദാബാദ്: കോൺഗ്രസ് പാർട്ടി തീർന്നെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. എഎപിക്കെതിരായ കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിൽ പര്യടനം നടത്തുകയാണ് കെജ്രിവാൾ. ശുചീകരണ തൊഴിലാളികളുമായി സംവദിക്കവേയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെജ്രിവാൾ കോൺഗ്രസിനെക്കുറിച്ച് പറഞ്ഞത്. പഞ്ചാബിലെ എഎപി സർക്കാർ ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പഞ്ചാബ് സർക്കാരിന് പണമില്ലെന്നും കടക്കെണിയിലാണ് സംസ്ഥാനമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. ആരാണിത് ചോദിച്ചത് എന്നായിരുന്നു കെജ്രിവാളിന്റെ ആദ്യ പ്രതികരണം. കോൺഗ്രസാണെന്ന് മാധ്യമപ്രവർത്തകർ മറുപടി നൽകി. കോൺഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ, ജനങ്ങൾക്ക് ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്, കോൺഗ്രസിന്റെ ചോദ്യങ്ങളെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. കെജ്രിവാൾ മറുപടി നൽകി.
ഗുജറാത്തിൽ കോൺഗ്രസിന് പകരം എഎപിയാണ് ബിജെപിയുടെ എതിരാളി എന്നാണ് കെജ്രിവാളിന്റെ വാദം. ബിജെപിയെ ഇഷ്ടമില്ലാത്ത ജനങ്ങൾ ഗുജറാത്തിലുണ്ട്. അവർ കോൺഗ്രസിന് വോട്ട് ചെയ്യാനും ആഗ്രഹിക്കുന്നില്ല. അത്തരക്കാരുടെ വോട്ടുകൾ എഎപിക്ക് ലഭിക്കും. ബിജെപിക്ക് പകരമായി ഗുജറാത്തിലുള്ളത് എഎപി മാത്രമാണ് എന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവർത്തക മേധാ പട്കറിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനാണ് എഎപി നീക്കമെന്ന ബിജെപി ആരോപണത്തോടും കെജ്രിവാൾ പ്രതികരിച്ചു. നരേന്ദ്രമോദിക്ക് ശേഷം സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ബിജെപി നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചെന്ന് ബിജെപിക്കാരോട് പറയൂ, അവരെന്ത് പറയുമെന്ന് കാണാം എന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ.