കോഴിക്കോട്: ഇടതു അണികളില്‍ നിന്ന് താന്‍ സൈബര്‍ ആക്രമണം നേരിടുന്നെന്ന് തുറന്നെഴുതിയ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.പി. രമ്യ ഹരിദാസ്. മുഖം മിനുക്കിയ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. ഇപ്പോഴുള്ള സൈബര്‍ ആക്രമണം അരിത ബാബു മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കേരളം ഭരിക്കുന്ന സര്‍ക്കാറിനെയും വിമര്‍ശിക്കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണെന്നും രമ്യ കുറ്റപ്പെടുത്തി.
‘ഫേക്ക് ഐ.ഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം. നേതാവ് തൊട്ട് അണികള്‍ വരെ ഒരേ സംസ്‌കാരം. അവിടെയാണ് പരനാറിയും കള്ളസുവറും ദ്വയാര്‍ത്ഥ ങ്ങളും തെറിവിളികളും കയറി വരുന്നത്. മുതിര്‍ന്ന നേതാക്കളെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിടുന്നത്. എതിരെ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ പിതൃശൂന്യര്‍ ആകുന്നത്. പാര്‍ട്ടി മാറുന്നവര്‍ കുലംകുത്തികള്‍ ആകുന്നത്. മതമേലധ്യക്ഷന്മാര്‍ നികൃഷ്ടജീവികള്‍ ആകുന്നത്. നികത്തപ്പെടുന്ന നിലങ്ങളും പാടങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മനസില്‍ വേദന സൃഷ്ടിക്കാതെ പോകുന്നത്,’ രമ്യ ഫേസ്ബുക്കില്‍ എഴുതി. നമ്മുടെ പ്രവര്‍ത്തനങ്ങളുമായി ജനങ്ങളോടൊപ്പം മുന്നോട്ടു പോവുക. സാധാരണക്കാരായ ജനങ്ങള്‍ നമ്മുടെ കൂടെയുണ്ടാവും. തീര്‍ച്ച. ഇത്തരം കാര്യങ്ങളില്‍ കേരളം ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നോ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തില്‍ നിന്നോ നീതി ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നേയില്ലെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കെഴുതിയ കത്തിലായിരുന്നു അരിത ബാബു എഴുതിയിരുന്നത്. ‘ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ‘പാല്‍ക്കാരീ’ ‘കറവക്കാരീ’ എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്.
എന്നാല്‍, ‘കറവ വറ്റിയോ ചാച്ചീ’, ‘ നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്‍പ്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?’ എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്, ‘ അരിത ബാബു കത്തില്‍ പറഞ്ഞു. തന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ടെന്നും ഇടതുപക്ഷത്തിലെ നേതാക്കളുടെ സ്റ്റോറികളും സമാന സാഹചര്യത്തില്‍ വന്നിട്ടുണ്ടെന്നും അരിത മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട അരിതാബാബു, മുഖം മിനുക്കിയ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായി. പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കള്‍ സിനിമയില്‍ പോലും അന്യം നിന്നിരിക്കുന്നു.
ഫേക്ക് ഐഡികളും സൈബര്‍ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം. നേതാവ് തൊട്ട് അണികള്‍ വരെ ഒരേ സംസ്‌കാരം. അവിടെയാണ് പരനാറിയും കള്ളസുവറും ദ്വയാര്‍ത്ഥ ങ്ങളും തെറിവിളികളും കയറി വരുന്നത്. മുതിര്‍ന്ന നേതാക്കളെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിടുന്നത്.
എതിരെ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ പിതൃശൂന്യര്‍ ആകുന്നത്. പാര്‍ട്ടി മാറുന്നവര്‍ കുലംകുത്തികള്‍ ആകുന്നത്. മതമേലധ്യക്ഷന്മാര്‍ നികൃഷ്ടജീവികള്‍ ആകുന്നത്. നികത്തപ്പെടുന്ന നിലങ്ങളും പാടങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മനസ്സില്‍ വേദന സൃഷ്ടിക്കാതെ പോകുന്നത്.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സാധാരണക്കാരെ ഒറ്റു കൊടുക്കേണ്ടിവരുന്നത്. കമ്മ്യൂണിസത്തിന്റെ ആധുനിക വകഭേദമാണ്. അരിതേ, സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ക്കിത് സ്ഥിരം ഏര്‍പ്പാടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ, കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകള്‍ പലപ്പോഴും കേട്ടാലറക്കുന്ന തെറികളാണ്, ആക്ഷേപങ്ങളാണ്. ഫേക്ക് ഐഡികളില്‍നിന്നും മാത്രമല്ല സ്വന്തം മുഖം വെച്ചും തെറി പറയും, അത് അഭിമാനത്തിന്റെ ചിഹ്നമായി കാണുന്നവനാണ് സമൂഹമാധ്യമങ്ങളിലെ പാര്‍ട്ടി പോരാളികള്‍.പ്രായമായ സ്വന്തം മക്കളോ മാതാപിതാക്കളോ ഇത്തരം തെറിയഭിഷേകങ്ങള്‍ കാണുമെന്ന ലജ്ജപോലുമില്ലാത്ത സംസ്‌കാര ശൂന്യര്‍..ഇത് താങ്കളുടെ മാത്രം പ്രശ്നമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കേരളം ഭരിക്കുന്ന സര്‍ക്കാറിനെയും വിമര്‍ശിക്കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണ്.
തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുക..നമ്മുടെ പ്രവര്‍ത്തനങ്ങളുമായി ജനങ്ങളോടൊപ്പം മുന്നോട്ടു പോവുക. സാധാരണക്കാരായ ജനങ്ങള്‍ നമ്മുടെ കൂടെയുണ്ടാവും. തീര്‍ച്ച. ഇത്തരം കാര്യങ്ങളില്‍ കേരളം ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നോ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തില്‍ നിന്നോ നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നേയില്ല.