News

‘ഇത് കളിസ്ഥലമല്ല, ഇറങ്ങി പോകൂ’; ടീ ഷര്‍ട്ട് ധരിച്ച് നിയമസഭയിലെത്തിയ എം.എല്‍.എയെ പുറത്താക്കി സ്പീക്കര്‍

അഹമ്മദാബാദ്: ടീ ഷര്‍ട്ട് ധരിച്ചെത്തിയതിന് കോണ്‍ഗ്രസ് എം.എല്‍.എയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് പുറത്താക്കി. എംഎല്‍എ വിമല്‍ ചുഡാസമയെയാണ് പുറത്താക്കിയത്. സമാജികര്‍ സഭയുടെ അന്തസ്സ് കാക്കണമെന്നും ടീ ഷര്‍ട്ട് ധരിച്ച് സഭയില്‍ എത്തരുതെന്നും പറഞ്ഞ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടേതാണ് നടപടി.

കഴിഞ്ഞയാഴ്ചയും ചുഡാസമ ടീ ഷര്‍ട്ട് ധരിച്ച് എത്തിയപ്പോള്‍ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം സ്പീക്കറുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ടീഷര്‍ട്ടിന് സഭയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇവരുടെ വാദം. ടീ ഷര്‍ട്ട് ധരിക്കുന്നതില്‍ താന്‍ ഒരു അപാകതയും കാണുന്നില്ലെന്ന് ചുഡാസമ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ടീ ഷര്‍ട്ടാണ് ധരിച്ചതെന്നും എംഎല്‍എമാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടേ തന്നോട് ഷര്‍ട്ട് ധരിച്ചെത്താന്‍ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം സ്പീക്കറോട് പറഞ്ഞു. സോംനാഥ് അസംബ്ലി മണ്ഡലത്തിലെ പ്രതിനിധിയാണ് ചുഡാസമ.

ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് എത്തുന്നതായിരിക്കും നല്ലതെന്നാണ് സ്പീക്കര്‍ അഭിപ്രായം. ‘നിങ്ങള്‍ എന്ത് ധരിച്ചാണ് വോട്ട് തേടിയതെന്ന് എനിക്കറിയേണ്ട. നിങ്ങള്‍ സ്പീക്കറുടെ ഉത്തരവിനെ ബഹുമാനിക്കുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയില്‍ വരാനാകില്ല. കാരണം നിങ്ങള്‍ എംഎല്‍എയാണ്. ഇത് കളിസ്ഥലമല്ല. ഇവിടെ പ്രോട്ടോക്കോള്‍ പാലിക്കണം’- സ്പീക്കര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button