ബെംഗളൂരു: കര്‍ണാടകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്രംഗ് ദളിനേയും നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്ത് കോണ്‍ഗ്രസ്. ന്യൂനപക്ഷ – ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കുമെന്നാണ് വാഗ്ദാനം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമലംഘനം നടത്താന്‍ ബജ്രംഗ് ദള്ളും പോപ്പുലര്‍ ഫ്രണ്ടും പോലെയുള്ള സംഘടനകളെ അനുവദിക്കില്ല.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇത്തരം സംഘടനകളെ നിരോധിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനകം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനവിരുദ്ധവും നീതിരഹിതവുമായ നിയമങ്ങള്‍ റദ്ദാക്കുമെന്നും വാഗ്ദാനമുണ്ട്.
എല്ലാവര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് പ്രതിമാസം 2000 രൂപവീതം സാമ്പത്തിക സഹായം, എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 10 കിലോ ഭക്ഷ്യധാന്യങ്ങള്‍, കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയവും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്.