ശരദ് പവാർ എൻസിപി അധ്യക്ഷ പദം ഒഴിഞ്ഞു; പിൻഗാമി ആരെന്നതിൽ സസ്‌പെൻസ്,രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടല്‍
ന്യൂഡൽഹി: ശരദ് പവാർ എൻ.സി.പി. ( Nationalist Congress Party) അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. അജിത് പവാർ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പവാറിന്റെ ആത്മകഥ ‘ലോക് മസെ സംഗതി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചാണ് അദ്ദേഹം നാടകീയമായി ഇക്കാര്യം അറിയിച്ചത്.
‘എൻ.സി.പിയുടെ അധ്യക്ഷ സ്ഥാനം ഞാൻ ഒഴിയുന്നു. ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇനി മൂന്ന് വർഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വർഷത്തിൽ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയിൽ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ല’ – പവാർ പറഞ്ഞു.
ഞെട്ടലോടെയാണ് പാർട്ടി പ്രവർത്തകർ പവാറിന്റെ വാക്കുകൾ കേട്ടത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള പവാറിന്റെ തീരുമാനത്തെ എതിർത്തുകൊണ്ട് എൻസിപി പ്രവർത്തകർ രംഗത്തെത്തി. പവാർ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സദസിൽ നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
1999-ൽ പാർട്ടി രൂപീകരിച്ചത് മുതൽ അധ്യക്ഷ സ്ഥാനം വഹിച്ചത് ശരദ് പവാറാണ്. അജിത് പവാറോ മകൾ സുപ്രിയ സുലെയോ രണ്ടില്‍ ഒരാള്‍ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുപ്രിയ ആണോ താനാണോ അധ്യക്ഷസ്ഥാനത്തേക്ക് എന്ന് കമ്മിറ്റി തീരുമാനിക്കും എന്ന പ്രതികരണവുമായി അജിത് പവാർ രംഗത്തെത്തി.
പാർട്ടിയുടെ ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ വേണ്ടി മുതിർന്ന പാർട്ടി നേതാക്കളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പാനലും പവാർ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രവർത്തകർ വേദിയിലെത്തി പവാറിനോട് തീരുമാനം മാറ്റണമെന്ന് അപേക്ഷിച്ചു. എന്നാൽ പവാർ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. അതേസമയം മുൻ ഉപമുഖ്യമന്ത്രിയും പവാറിന്റെ മരുമകനുമായ അജിത് പവാറിന് ബി.ജെ.പിയോടുള്ള ചായ്വാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാറിനെ പുറത്തേക്ക് നയിച്ചത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അജിത് പവാർ ബി.ജെ.പിയിലേക്ക് പോയേക്കുമെന്നാണ് സൂചന. മുംബൈയിൽ വെച്ച് നടന്ന പാർട്ടി യോഗത്തില്‍ നിന്ന് കഴിഞ്ഞ മാസം അദ്ദേഹം വിട്ടു നിന്നതും അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നു.
അടുത്ത 15 ദിവസത്തിനുള്ള രണ്ട് വലിയ രാഷ്ട്രീയ പൊട്ടിത്തെറികളുണ്ടാകുമെന്ന് രണ്ടാഴ്ചകൾക്ക് മുമ്പ് പവാറിന്റെ മകൾ സുപ്രിയ സുലെ പറഞ്ഞിരുന്നു. ഒരെണ്ണം ഡൽഹിയിലും മൊറ്റൊന്ന് മഹാരാഷ്ട്രയിലുമായിരിക്കുമെന്നാണ് എൻ.സി.പി. എം.പി. കൂടിയായ സുപ്രിയ നല്‍കിയ സൂചന. ഇതിന് പിന്നാലെയാണ് ഇപ്പോൾ പവാറിന്റെ രാജി.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ പവാറിന്റെ പ്രസ്താവനകളും പ്രതിപക്ഷ പാർട്ടി നിരയിൽ നിന്ന് വേറിട്ട് നിന്നിരുന്നു. രാഹുൽ ഗാന്ധിയെ തള്ളിക്കൊണ്ട് അദാനിവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂല പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടും അദ്ദേഹം തള്ളിയിരുന്നു.