തൃശ്ശൂർ : ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ പൊട്ടിത്തെറി . ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയെ നിർത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പ്രാദേശിക നേതാക്കളുടെ വിമർശനം.
ഒരു വോയിസ് ക്ലിപ്പിലൂടെയാണ് സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തുന്നത്. നേതാക്കൾ തമ്മിലുള്ള സംഭാഷണ വോയിസാണ് ഇപ്പോൾ പ്രചരിക്കുന്നത്. സ്ഥാനാർഥി വളരെ മോശമായിരുന്നു. അത് എല്ലാവർക്കും നൂറ് ശതമാനം ഉറപ്പായിരുന്നു. പക്ഷെ നമുക്ക് അത് പുറത്തുപറയാൻ പറ്റില്ല. പാർട്ടി അവതരിപ്പിച്ചത്
രമ്യയെ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലെന്നും അതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും ശബ്ദസന്ദേശത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പറയുന്നു. പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും എന്നാൽ സ്ഥാനാർത്ഥി കൂടി വിചാരിക്കണമായിരുന്നുവെന്നും, വേറൊരാൾ ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ക്ലിയർ ആകുമായിരുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.
ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് തെറ്റായ തീരുമാനമെന്നാണ് കോൺഗ്രസിനുള്ളിൽ പൊതുവിമർശനം . ചേലക്കരയിൽ 12,201 വോട്ടുകൾക്കാണ് യുഡിഎഫ് തോറ്റത്. ഇതിന് പിന്നാലെയാണ് മണ്ഡലത്തിനുള്ളിലെ കോൺഗ്രസ് നേതാക്കൾ പരാതി ഉയർത്തിയത് .