കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സിക്കും കെ.പി.സി.സിക്കും പരാതിയുമായി കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍. സിറ്റിംഗ് എംഎല്‍എ പി.ടി തോമസിനെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയില്‍ മത്സരിപ്പിച്ചാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കിയത്.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തില്‍ എംഎല്‍എ പൂര്‍ണ പരാജയമാണ്. പാര്‍ട്ടി നേതാക്കളുമായി എംഎല്‍എ സഹകരിക്കുന്നില്ല. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നു. വിവിധ മതവിഭാഗങ്ങള്‍ക്ക് പി.ടി തോമസിനോട് എതിര്‍പ്പ് ശക്തമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി ഇറക്കുമതി സ്ഥാനാര്‍ത്ഥികളെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. ഈ മണ്ഡലത്തിലുള്ളവരെ തന്നെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നു.
അതേസമയം തൃക്കാക്കരയിലെ പ്രാദേശിക നേതാക്കള്‍ ആരും പരാതി കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പി.ടി തോമസ് പരാതി കൊടുത്തവര്‍ പരസ്യമായി രംഗത്തുവരണമെന്നും ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നും പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പി.ടി തോമസ് വ്യക്തമാക്കി.