തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സ്ത്രീകളും പ്രതിഷേധവുമായി രംഗത്തുണ്ട്. അനുനയ ശ്രമവുമായി പോലീസ് രംഗത്തെത്തി. പ്രതിഷേധിച്ചവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധ രംഗത്തുണ്ട്. പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിച്ചത്. തങ്ങള്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണം. പലരും റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടു. വളരെ ബുദ്ധിമുട്ടി പഠിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരാണ്. ഇനി ഒരു പരീക്ഷ എഴുതാന്‍ സാധിക്കില്ല. ലഭിച്ച ജോലി നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, പിന്‍വാതില്‍ നിയമനത്തിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.