അവനെ തീര്‍ത്തേക്ക്! ബി.ജെ.പി എം.എല്‍.എയെ കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആസൂത്രണം; വീഡിയോ

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി എംഎല്‍എയെ കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്.ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണ ആസൂത്രണം നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി.

വീഡിയോയില്‍ ഗോപാലകൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിന്റെ ചെലവു ഒരു കോടിയോ മറ്റുമാണ്. അത് ഒക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമ്മളില്‍ ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്. എന്നും ഗോപാലകൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്. കന്നടയിലാണ് സംസാരം. പക്ഷേ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യം വ്യക്തമല്ല.

വീഡിയോക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഈ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. എംഎല്‍എയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിനു സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News