ന്യൂഡൽഹി: കോൺഗ്രസ് കെ റെയിലിന് എതിരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ‘പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണം. പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കും.’ ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സുധാകരൻ വ്യക്തമാക്കി.
കെ റെയിൽ പോലുള്ള നമ്മുടെ നാട്ടിൽ ആദ്യമായി വരുന്ന സംരംഭം എന്ന നിലക്ക് അതിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. പദ്ധതി പാടില്ലെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടിയുണ്ടാകണം. ധാർഷ്ട്യം ഒഴിവാക്കണം. സാമ്പത്തികച്ചെലവ് സർക്കാരിന് താങ്ങാനാകില്ല. ഡിപിആറിന്റെ അഭാവം പദ്ധതിയിലുണ്ട്.
നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
നേരത്തെ കെ റെയിൽ ഡിപിആറിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള വ്യവസ്ഥകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. നിയമവിരുദ്ധമാണ് സർക്കാർ കെ റെയിൽ കല്ലിട്ടത്. അപ്പോൾ കല്ലുകൾ പിഴുതെറിഞ്ഞവരാണ് നിയമം പാലിച്ചതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.