തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും.
ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും.
കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് സ്ക്രീനിങ് കമ്മിറ്റി ചേരും. ശേഷം സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കൊപ്പം സംസ്ഥാന നേതാക്കളും ഇരുന്ന് 92 സീറ്റിലേക്കുള്ള അന്തിമ പട്ടികക്ക് രൂപം നൽകും.
ഓരോ മണ്ഡലത്തിലും അഞ്ച് പേർ വരെ പരിഗണനയിൽ ഉണ്ട്. ജയസാധ്യത പരിഗണിച്ച് 60 ശതമാനം വരെ പുതുമുഖങ്ങൾക്കും വനിതകൾക്കും യുവാക്കൾക്കും നൽകണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ കർശന നിർദേശം.