ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പൗരത്വ പരിശോധനയുടെ ഭാഗമായി മുസ്ലിങ്ങള്‍ക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ഒരു തവണ ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മോദിയുടെ ഈ അവകാശവാദം പൊളിയുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
‘തടങ്കല്‍പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായിഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ മോദി കരുതുന്നത്? തടങ്കല്‍പാളയങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും’, എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.
ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതിന് വാര്‍ത്തകളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ആസ്സാമിലെ തടങ്കല്‍ പാളയങ്ങളില്‍ 28 വിദേശീയര്‍ മരിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ നല്‍കിയ മറുപടിയെക്കുറിച്ചുള്ള പത്രവാര്‍ത്തയും ഇതില്‍ ഉള്‍പ്പെടുന്നു.