ന്യൂഡല്‍ഹി: ഹരിയാണ, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഒമ്പത് മണിയോടെ വ്യക്തമായ സൂചനകള്‍ പുറത്തുവരും. 90 സീറ്റുവീതമുള്ള ഹരിയാണയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിന് കുറവില്ല.
ഹരിയാണയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക.