ദുബായ്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായകമത്സത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ കനത്ത തോല്‍വിയേത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ പരാജയം ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍.കണ്‍ഗ്രാജുലേഷന്‍ ഇന്ത്യ എന്ന പേരില്‍ ട്വിറ്ററില്‍ ആയിരങ്ങളാണ് കോലിപ്പടയെ ട്രോളുന്നത്.
ഇന്ത്യയെ തകര്‍ത്ത് വമ്പന്‍ വിജയം സ്വന്തമാക്കിയ പാക്കിസ്ഥാന്‍.പിന്നീട് നടന്ന മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടരുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റനടികളിലൂടെ നയിച്ച് ടീമിനെ വിജയ തീരത്തെത്തിച്ച ആസിഫലിയുമായി ഇന്ത്യയെ ചിലര്‍ താരതമ്യപ്പെടുത്തു. ആസിഫലി തനിച്ച് ലോക കപ്പില്‍ ഇന്ത്യയേക്കാള്‍ സിക്‌സറുകള്‍ നേടിയതായി പരിഹാസമുണ്ട്.
പോയിന്റ് പട്ടികയുടെ അവസാനത്ത് ഇന്ത്യയുമായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിടുന്ന സ്‌കോട്ട്‌ലാന്റിന്റെയും ആഘോഷങ്ങളുണ്ട്. ചില വിരുതന്‍മാര്‍ പോയിന്റ് പട്ടിക തലതിരിച്ച് ഇട്ടാണ് പരാജയത്തിന്റെ സങ്കടം തീര്‍ക്കുന്നത്.
ടീമിന്റെ തോല്‍വിയെ പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുന്ന ട്രോളുകളുമുണ്ട്.
10 വിക്കറ്റ് തോല്‍വിയില്‍ നിന്ന് എട്ടുവിക്കറ്റ് തോല്‍വിയിലേക്ക് നില മെച്ചപ്പെടുത്തുകയാണ് ഇന്ത്യ ചെയ്തതെന്ന് ചിലര്‍ ട്രോളുന്നു.
നായകന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയുമായി ബന്ധപ്പെടുത്തിയും പോസ്റ്റുകളുണ്ട്.
virat kohli after #indvsnz Congratulation india #Dhoni #captaincy #Cricket #HardikPandya #ViratKohli pic.twitter.com/WSgKyUTg1v
— deen aur dunya info (@DeenAurDuniya4) October 31, 2021
ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കിവീസ് ഇരുട്ടടിയാണ് നല്‍കിയത്. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡ് നേടി. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം അനായാസം 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്.
മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്ന്‍ വില്യംസണ്‍ സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു. 10 ഓവറില്‍ ടീം സ്‌കോര്‍ 83. 13-ാം ഓവറില്‍ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. എങ്കിലും വില്യംസണും(33*), കോണ്‍വേയും(2*) ടീമിനെ നിഷ്പ്രയാസം ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പടയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.
സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി. മിച്ചലിന് തന്നെയായിരുന്നു ഈ ക്യാച്ച്.
നേരിട്ട ആദ്യ പന്തില്‍ ജീവന്‍ ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു. 15-ാം ഓവറില്‍ മില്‍നേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ആറാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നെങ്കിലും കൂറ്റനടികള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്, ബോള്‍ട്ടിന്റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. നാലാം പന്തില്‍ ഷര്‍ദുല്‍ ഠാക്കൂറും(0) മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു.
ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെ ഇടംപിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി.
അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ ഇന്ത്യ തോല്‍പ്പിക്കണം. ചെറിയ ജയമല്ല, വമ്പന്‍ മാര്‍ജിനില്‍ തന്നെ തോല്‍പ്പിച്ചാലാണ് ഇന്ത്യയ്ക്കിനി സെമി സാധ്യതകള്‍ അവശേഷിയ്ക്കുന്നത്. ഇതിനൊപ്പം ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കണം. ഇതോടെ ഇന്ത്യ, അഫ്ഗാന്‍, കിവീസ് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാകും. മികച്ച റണ്‍റേറ്റ് ഉണ്ടെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ കടക്കാം. ഇതെല്ലാം വിദൂര സാധ്യതകള്‍ മാത്രം