നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ നിമ്മി ഇനി ഡോ.എൽ.ബി.നിമ്മി. മലയാളസാഹിത്യത്തിൽ പിഎച്ച്.ഡി. നേടിയ നിമ്മിക്ക് സ്നേഹാദരവുമായി സഹപ്രവർത്തകർ.
പെരുമ്പഴുതൂർ ആലംപൊറ്റ സ്വദേശിനിയായ എൽ.ബി.നിമ്മി മനോന്മണീയം സുന്ദരനാർ സർവകലാശാലയിൽനിന്നുമാണ് പിഎച്ച്.ഡി. നേടിയത്.മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദമെടുത്ത നിമ്മി, കെ.പി.രാമനുണ്ണിയുടെ നോവലുകളിലെ ജീവിതദർശനത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് പിഎച്ച്.ഡി. ലഭിച്ചത്.
നിമ്മി ജോലിക്കൊപ്പമാണ് ഗവേഷണവും കൊണ്ടുപോയത്. ഐ.ടി.ഡി.സി.യിൽനിന്നു വിരമിച്ച എസ്.ബെൻസിയറിന്റെയും സി.ലളിതയുടെയും മകളാണ്.കെ.എസ്.ആർ.ടി.സി. സിറ്റി യൂണിറ്റിലെ മെക്കാനിക്കായ എൻ.ഗോഡ്വിന്റെ ഭാര്യയാണ്. പ്ലസ്ടു വിദ്യാർഥി ആത്മിക് ഗോഡ്വിൻ, പത്താം ക്ലാസിൽ പഠിക്കുന്ന ആഷ്മിക് ഗോഡ്വിൻ എന്നിവർ മക്കളാണ്.
കെ.എസ്.ആർ.ടി.ഇ. അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിമ്മിക്ക് ആദരവൊരുക്കിയത്. ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ.സലൂജ ഉപഹാരം നൽകി.
അസോസിയേഷൻ വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ വി.അശ്വതി, സുശീലൻ മണവാരി, എൻ.കെ.രഞ്ജിത്ത്, രശ്മി രമേഷ്, ജി.ജിജോ, എൻ.എസ്.വിനോദ്, വി.സൗമ്യ, കെ.പി.ദീപ, ബി.ദിവ്യ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.