മുംബൈ: സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവര്‍ക്കെതിരേയാണ് പുണെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പുണെയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലേക്ക് വിതരണംചെയ്ത സമൂസകളിലാണ് പ്രതികള്‍ ഗര്‍ഭനിരോധന ഉറകളും ഗുഡ്കയും കല്ലുകളും നിറച്ചതെന്നാണ് പോലീസ് പറയുന്നത്. കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാര്‍ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായാണ് പ്രതികള്‍ ഇത് ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
കാറ്റലിസ്റ്റ് സര്‍വീസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കമ്പനിയിലെ കാന്റീനിലേക്ക് പലഹാരങ്ങള്‍ നല്‍കാനുള്ള കരാര്‍ ലഭിച്ചിരുന്നത്. സമൂസ വിതരണം ചെയ്യാനായി മനോഹര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് ഇവര്‍ കീഴ്ക്കരാര്‍ നല്‍കി. മനോഹര്‍ എന്റര്‍പ്രൈസസ് വിതരണംചെയ്ത സമൂസകളിലാണ് ഗര്‍ഭനിരോധന ഉറകളും കല്ലുകളും കണ്ടെത്തിയത്.
സംഭവത്തില്‍ മനോഹര്‍ എന്റര്‍പ്രൈസസിലെ ജീവനക്കാരെ പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിലാണ് ജീവനക്കാരായ ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരാണ് സമൂസകളില്‍ ഇത്തരം വസ്തുക്കള്‍ നിറച്ചതെന്ന് കണ്ടെത്തിയത്. ഇവരെ കൂടുതൽ ചോദ്യംചെയ്തതോടെ മറ്റുപ്രതികളുടെ പങ്കും വ്യക്തമാവുകയായിരുന്നു.
പ്രതിപ്പട്ടികയിലുള്ള ബാക്കി മൂന്നുപേര്‍ എസ്.ആര്‍.എ. എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരാണ്. നേരത്തെ ഓട്ടോമൊബൈല്‍ കമ്പനിയിലേക്ക് സമൂസ വിതരണം ചെയ്തിരുന്നത് ഇവരുടെ ഉടമസ്ഥതയിലുള്ള എസ്.ആര്‍.എ. എന്റര്‍പ്രൈസസ് ആയിരുന്നു. സമൂസയ്ക്കുള്ളില്‍നിന്ന് ബാന്‍ഡേജ് കണ്ടെത്തിയതോടെ ഇവരുമായുള്ള കരാര്‍ ഒഴിവാക്കി.
തുടര്‍ന്നാണ് മനോഹര്‍ എന്റര്‍പ്രൈസസിന് സമൂസ വിതരണത്തിനുള്ള കരാര്‍ ലഭിച്ചത്. എന്നാല്‍, പുതിയ കരാര്‍ റദ്ദാക്കാനും ഇവരുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുമായി എസ്.ആര്‍.എ. ഉടമകള്‍ ഇവരുടെ രണ്ട് ജീവനക്കാരെ മനോഹര്‍ എന്റര്‍പ്രൈസസിലേക്ക് ജോലിക്കായി പറഞ്ഞയച്ചു. തുടര്‍ന്ന് ഇവരാണ് സമൂസയ്ക്കുള്ളില്‍ ഗര്‍ഭനിരോധന ഉറകളടക്കം നിറച്ചതെന്നും പോലീസ് പറഞ്ഞു.