കണ്‍സെഷന്‍ നല്‍കാത്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയ്ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം
പൊന്നാനി: കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ എടപ്പാളിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്നാനി ബിയ്യം സ്വദേശി വലിയപറമ്പില്‍ സനൂജിനെ (19)യാണ് പൊന്നാനി പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് സനൂജ്. കോളേജിലേക്ക് പോകാനായി ബിയ്യത്ത് നിന്നും ബസില്‍ കയറിയ വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാര്‍ഡുള്‍പ്പെടെയുള്ള തുക നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ മുഴുവന്‍ തുകയും നല്‍കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ താന്‍ പഠിക്കുന്നത് പാലക്കാട് ജില്ലയിലെ കോളേജിലാണെന്നും അതിനാല്‍ കണ്‍സഷന്‍ അനുവദിക്കണമെന്നും വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. ഇതോടെ കണ്ടക്ടര്‍ ക്ഷുഭിതനാവുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറയുന്നത്. പിന്നീട് ബസ് എടപ്പാളിലെത്തിയതോടെ നോട്ട് ബുക്ക് റോഡിലേക്ക് വീണു ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടര്‍ ബസിന് പുറത്തെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസ് എടുത്തു.