ലഖ്‌നൗ: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 50-കാരനായ അധ്യാപകന്‍ കടത്തിക്കൊണ്ടുപോയതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഹിന്ദി അധ്യാപകന്‍ കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച മുതലാണ് മകളെ കാണാതായതെന്നും അധ്യാപകന്‍ തട്ടിക്കൊണ്ടുപോയെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലുള്ളത്. വീട്ടില്‍നിന്ന് 30,000 രൂപയും ആഭരണങ്ങളും മകള്‍ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ അധ്യാപകന്‍ തന്റെ മകള്‍ക്കൊപ്പമുള്ള സ്വകാര്യ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതായും എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചിട്ടുണ്ട്. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞവര്‍ഷങ്ങളിലെ എന്റെ എല്ലാ സമ്പാദ്യവും എന്റെ മകള്‍ കൊണ്ടുപോയി. പ്രതിയായ അധ്യാപകന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. മകളെ സൗജന്യമായി പഠിപ്പിക്കാമെന്നും അവളെ ഒരു ഉദ്യോഗസ്ഥയാക്കാമെന്നും പറഞ്ഞ് അയാള്‍ തന്നെയാണ് എന്നെ സമീപിച്ചത്. പക്ഷേ, അയാള്‍ക്ക് മറ്റുലക്ഷ്യങ്ങളുണ്ടായിരുന്നതായി എനിക്ക് മനസിലാക്കാനായില്ല’, പിതാവ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രതിയായ അധ്യാപകനെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഗോണ്ട എ.എസ്.പി. ശിവ് രാജ് പ്രതികരിച്ചു. ബഹ്‌റെയ്ച്ച് സ്വദേശിയായ അധ്യാപകനെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതി ഒളിക്കാനിടയുള്ള കേന്ദ്രങ്ങളിലെല്ലാം പോലീസ് സംഘം പരിശോധന നടത്തിവരികയാണ്. മേഖലയിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ടെന്നും എ.എസ്.പി. അറിയിച്ചു.