കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നെടുമ്പാശേരി പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ബീന ആന്റണിയും ഭർത്താവ് മനോജും. ഇരുവർക്കും ഫീൽഡിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ്. എന്നാൽ അവർ അത് മറച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് ആലുവ സ്വദേശിയായ നടി ആരോപിക്കുന്നു. താൻ പണത്തിന് വേണ്ടി പ്രമുഖന്മാർക്കെതിരേ ആരോപണം ഉന്നയിക്കുകയും കരിവാരി തേക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഇവർ പറയുന്നതെന്നും നടി ആരോപിക്കുന്നു.
തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് വേണ്ടത്. ഇവർ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ താൻ നടന്മാർക്കെതിരേ നൽകിയിട്ടുളള പീഡന പരാതികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. താരങ്ങളെ ഇറക്കി എന്റെ പരാതിയുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമിക്കുന്നത്.
നിരവധി യൂട്യൂബ് ചാനലുകളിൽ തന്നെപ്പറ്റി മോശം പരാമർശങ്ങൾ ഉണ്ടായി. എന്നാൽ അതിനെ കണക്കാക്കുന്നില്ല. പക്ഷേ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് തന്റെ കേസിനെ ബാധിക്കുമെന്നതിനാലാണ് ഇവർക്കെതിരേ പരാതി നൽകിയതെന്നും നടി പറഞ്ഞു.
തനിക്കെതിരായ പോക്സോ കേസ് വ്യാജമാണെന്നും പെൺകുട്ടിയുടെ പരാതിയിൽ ഇതുവരേയും തനിക്കെതിരേ യാതൊരു വിധ അന്വേഷണവും ആരംഭിച്ചിട്ടില്ലെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. ഇത് വ്യാജ പരാതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ മനസിലായിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ഗുണ്ടായിസം ഇതാണ്.
നടന്മാർക്കെതിരായ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നത്. വ്യാജ പരാതി, ഭീഷണി, മോർഫ് വീഡിയോ ഇതൊക്കെയാണ് പരാതി നൽകിയതിന്റെ പേരിൽ നേരിടേണ്ടി വരുന്നത്. ഇതാണ് ഇവിടുത്തെ രീതി. ഇതിനെതിരേയെല്ലാം പരാതി നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി മനസിലാക്കിയതിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് പെണ്‍കുട്ടിക്കെതിരെ പരാതി നൽകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.