അയനല്ലൂര്‍: വീണ്ടും തമിഴ്നാടിനെ നാണക്കേടിലാക്കി ദുരഭിമാനക്കൊല. ഇതരസമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്നാണ് പരാതി. ഭര്‍തൃ കുടുംബാംഗങ്ങള്‍ക്ക് എതിരെ യുവതി തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അന്യസമുദായത്തില്‍പ്പെട്ട തന്നെ വിവാഹം ചെയ്തതിനാലാണ് ഭര്‍ത്താവിനെ വീട്ടുകാര്‍ കൊന്നതെന്ന് അമുല്‍ എന്ന യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. നവജാത ശിശുവുമായാണ് തിരുവള്ളൂര്‍ പോലീസില്‍ യുവതി പരാതി നല്‍കാനെത്തിയത്.
ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ അമുലും ഗൗതമും പിന്നീട് പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ ഇവരുടെ ബന്ധം എതിര്‍ത്തു. അതുകൊണ്ടു തന്നെ ഇരുവരും വിവാഹിതരായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. ഗൗതം തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഇടയ്ക്ക് നാട്ടിലേക്ക് പോകുന്നതും പതിവായിരുന്നു.
രണ്ട് വര്‍ഷത്തിനു ശേഷം അമുല്‍ ഗര്‍ഭിണി ആയതോടെ ഇവര്‍ അമുലിന്റെ നാടായ ആവൂരിലേക്ക് താമസം മാറ്റി. സെപ്തംബര്‍ 17ന് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചു. ഇതിനിടെ, ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് നാട്ടിലേക്ക് പോയ ഗൗതം പിന്നീട് തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് അമുലിന്റെ ബന്ധുക്കള്‍ ഗൗതമിനെ അന്വേഷിച്ച് ഗ്രാമത്തില്‍ പോയപ്പോള്‍ ഗൗതമിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള വലിയ പോസ്റ്റര്‍ മാത്രമാണ് കാണാനായത്.
സെപ്തംബര്‍ 17ന് രാത്രി 7 മണിക്ക് മരിച്ചതായാണ് പോസ്റ്ററില്‍ പറയുന്നത്. സ്വാഭാവിക മരണമാണെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്നും ഭര്‍ത്താവിന്റെ മരണം തന്നെ അറിയിച്ചില്ലെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.