മൂന്നു ദിവസം മുന്‍പ് വിദേശത്തുനിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; ദുരൂഹത

മലപ്പുറം: വിദേശത്തുനിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാളികാവ് ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദിനെ(27)യാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയരുന്നത്. കോഴിക്കോട്ടുനിന്ന് ടാക്സി കാറില്‍ നാട്ടിലേക്ക് തിരിച്ച റാഷിദിനെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവമുണ്ടായത്.

മഞ്ചേരി പട്ടര്‍കുളത്തുവെച്ചാണ് റാഷിദ് സഞ്ചരിച്ച കാറില്‍ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയശേഷം സംഘം തട്ടിക്കൊണ്ടുപോയതെന്ന് ടാക്സി ഡ്രൈവര്‍ പോലീസിന് മൊഴിനല്‍കി. റാഷിദിന്റെ വാഹനം അപകടത്തില്‍പ്പെട്ടയുടനെ ഒരു ജീപ്പില്‍ ഭാര്യാപിതാവും മൂന്നു നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുമായി സംഘം അടിപിടിയുണ്ടാക്കിയതായും പറയുന്നു. അതിനിടെ റാഷിദിനെ സംഘം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍ മൊഴികളൊന്നും പോലീസ് വിശ്വസിച്ചിട്ടില്ല. മൂന്നുദിവസം മുന്‍പാണ് റാഷിദ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ശേഷം ഇയാള്‍ എന്തുകൊണ്ടാണ് വീട്ടിലേക്കുപോകാതെ കോഴിക്കോട്ടേക്ക് തിരിച്ചതെന്ന കാര്യത്തില്‍ പോലീസിന് സംശയമുയര്‍ന്നിട്ടുണ്ട്. റാഷിദിന്റെ വാഹനം പട്ടര്‍കുളത്ത് അപകടത്തില്‍പ്പെട്ടയുടന്‍ ഭാര്യാപിതാവും മൂന്നു നാട്ടുകാരും ജീപ്പില്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ എത്തുന്നതുവരെ എന്തിന് സംഘം കാത്തിരുന്നുവെന്നും പോലീസ് ചോദിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

കരിപ്പൂരില്‍ ഇറങ്ങിയ റാഷിദ് ഫറോക്കില്‍ നിന്ന് കാറെടുത്ത് വയനാട്ടിലേക്കു പോയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ഒരു റിസോര്‍ട്ടിലെ നമ്പറില്‍നിന്ന് റാഷിദിന്റെ പിതാവിന്റെ ഫോണിലേക്ക് കോള്‍ വന്നതായും പോലീസ് സ്ഥിരീകരിച്ചു. സ്വര്‍ണവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുണ്ടെന്നും എല്ലാം പരിഹരിച്ച് ഉടന്‍ മകന്‍ വീട്ടിലെത്തുമെന്നും ഇയാള്‍ പറഞ്ഞതായും വിവരം ലഭിച്ചു.

ഈ സാഹചര്യങ്ങളെല്ലാം വ്യക്തമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തട്ടിക്കൊണ്ടുപോയ കാറിന്റെ ഉടമ വള്ളുവമ്പ്രത്തുകാരനാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News