ശസ്ത്രക്രിയക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിചേർത്തെന്ന് പരാതി; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ ആരോപണം

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ, രോ​ഗിയും തിരുവനന്തപുരം ബീമാപള്ളി സ്വദേശിയുമായ ഷിനു പോലീസിൽ പരാതി നൽകി.

വേദനയും പഴുപ്പും അസഹ്യമായതോടെ പരിശോധിച്ചപ്പോഴാണ് ഗ്ലൗസ് ശരീരത്തിന് അകത്തുവെച്ച് തുന്നിയത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഇദ്ദേഹം പറയുന്നത്. ജനറൽ ആശുപത്രിയിലെ പ്രധാന ഡോക്ടറാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഷിനു പറഞ്ഞു.

അതേസമയം, സംഭവത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുറിവിലുള്ളത് ​​ഗ്ലൗസിന്റെ ഭാ​ഗംതന്നെയാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

'ശസ്ത്രക്രിയക്ക് ശേഷം പഴുപ്പ് പുറത്തുപോകണമെങ്കിൽ ഡ്രെയിൻ എന്ന വസ്തുവാണ് ഉപയോ​ഗിക്കാറ്. എന്നാൽ, അതിന് 800 മുതൽ 1000 രൂപവരെ വിലവരും. രോ​ഗി ഇത് വാങ്ങിത്തന്നിരുന്നെങ്കിൽ അത് വെക്കുമായിരുന്നു. അത് ഇല്ലാത്തതുകൊണ്ട് ​ഗ്ലൗസിന്റെ അറ്റം മുറിച്ചാണ് വെച്ചത്. ഇക്കാര്യം അന്നുതന്നെ രോ​ഗിയോട് കൃത്യമായി പറഞ്ഞിരുന്നു. ​​ഗ്ലൗസാണ് ഉപയോ​ഗിച്ചതെന്ന് ആശുപത്രി രേഖകളിലും ഉണ്ട്. സാധാരണ ചെയ്യാറുള്ള കാര്യം മാത്രമാണിത്. പരാതിയുമായി രം​ഗത്തുവന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല', സൂപ്രണ്ട് പറഞ്ഞു.

അതേസമയം, ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റത്തിന്റെ കാര്യം തന്നോട് ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്ന് ഷിനു പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം ആശുപത്രി അധികൃതരോട് പറഞ്ഞിട്ടില്ല. ഓപ്പറേഷന്‍ തിയറ്ററില്‍ ഇടുന്ന വസ്ത്രം വാങ്ങണം എന്ന് ഡോക്ടർ പറഞ്ഞതുപ്രകാരം അത് വാങ്ങി നല്‍കി. മറ്റൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് ഷിനുവിന്റെ ഭാര്യ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News