KeralaNews

കൊല്ലത്ത് പ്രവാസിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി

കൊല്ലം: അഞ്ചലില്‍ പ്രവാസിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. നിരീക്ഷണത്തില്‍ തുടരണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ടതായാണ് പരാതി ഉയരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ഗൃഹ നിരീക്ഷണത്തിന് സൗകര്യമുണ്ടെന്നും അതിനായി സ്വയം പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ഇന്നലെ കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയ ഏരൂര്‍ അയിലറ സ്വദേശിയായ ബാബുവാണ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിയ ഇയാളെ കെഎസ്ആര്‍ടിസിയില്‍ കരുനാഗപ്പള്ളിയില്‍ എത്തിച്ചു. അവിടെ നിന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലെത്തി. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, നിരീക്ഷണത്തില്‍ പ്രവേശിക്കണമെങ്കില്‍ പണം നല്‍കണമെന്നും അധികൃതര്‍ പറഞ്ഞു.

ഗൃഹ നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇയാളുടെ വീട്ടിലുണ്ടെന്നും അതിനായി സ്വയം ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു എന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പക്ഷം. ക്വാറന്റൈന്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു. നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങി ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇയാളെ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് ഗൃഹ നിരീക്ഷണത്തിലേക്ക് മാറ്റി.

അതേസമയം നാട്ടില്‍ കറങ്ങി നടന്ന കൊറോണ രോഗിയെ ആരോഗ്യവകുപ്പ് പിടികൂടി. കൊറോണ രോഗം മറച്ചുവച്ച് കേരളത്തില്‍ എത്തിയ തമിഴ്നാട് സ്വദേശിയെയാണ് ആരോഗ്യവകുപ്പ് പിടിച്ചത്. കോതമംഗലം കോട്ടപ്പടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടില്‍ വച്ചു രോഗം സ്ഥിരീകരിച്ചയാള്‍ കോതമംഗലത്ത് എത്തുകയായിരുന്നു. ഈ വ്യക്തിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വാളയാറില്‍ നിന്നും ബസ് മാര്‍ഗമാണ് ഇയാള്‍ കോട്ടപടിയിലെത്തിത്തതെന്നാണ് സൂചന. മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്നതാണ് ഇദ്ദേഹം. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇയാള്‍ വീണ്ടു തിരികെ എത്തുകയായിരുന്നു. തമിഴ്നാട്ടില്‍ വച്ച് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അവിടെ നിന്നു കടന്ന് കളയുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

കൊറോണ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോതമംഗലത്ത് എത്തിയിന് മുന്‍പ് ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തും കോട്ടപടിയിലെ കടകളിലും സന്ദര്‍ശനം നടത്തിയതായാണ് വിവരം. ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. കോട്ടപടിയിലും പരിസര പ്രദേശങ്ങളിലും ഫയര്‍ഫോഴ്സ് അണുനശീകരണം നടത്തി. ഇവിടെ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker