ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പരാതിക്കാരി രംഗത്ത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നതിന് തെളിവ് തന്റെ പക്കലുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
സെപ്റ്റംബര്‍ 19 ന് ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. അന്ന് ക്ലിഫ് ഹൗസില്‍ ലൈവ് സ്റ്റോക്ക് സെന്‍സസ് നടന്നു. മറിയാമ്മ ഉമ്മനാണ് ഉദ്ഘാടനം ചെയ്തത്. ഉമ്മന്‍ ചാണ്ടിക്ക് പനിയായിരുന്നെന്നും സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.
രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴി മാത്രം പോരെന്നും കേന്ദ്ര ഏജന്‍സി തെളിയിക്കുമെന്നും പരാതിക്കാരി പറഞ്ഞു. ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകള്‍ കൈയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ഇത് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.